ആര്യന്‍ ഖാന് ജാമ്യം; പുറത്തിറങ്ങുന്നത് 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം

 | 
Aryan Khan

ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബേ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. 21 ജയില്‍ വാസത്തിന് ശേഷമാണ് ആര്യന്‍ പുറത്തിറങ്ങുന്നത്. ആര്യനൊപ്പം ക്രൂസ് കപ്പലില്‍ നിന്ന് അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവര്‍ക്കും കോടതി ജാമ്യം നല്‍കി. ജാമ്യവ്യവസ്ഥകള്‍ അടങ്ങിയ ഇടക്കാല ഉത്തരവ് നാളെ പുറപ്പെടുവിക്കും.

മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോഹ്തഗിയാണ് ആര്യന് വേണ്ടി ഹാജരായത്. ആര്യന്‍ ഖാനില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിട്ടില്ല, ലഹരി മരുന്ന് ഉപയോഗിച്ചതായി വൈദ്യപരിശോധനാഫലം പോലുമില്ല എന്നിങ്ങനെയുള്ള വാദങ്ങളാണ് രോഹ്തഗി ഉന്നയിച്ചത്. ആര്യന്റെ സുഹൃത്തായ അര്‍ബാസില്‍ നിന്ന് കണ്ടെത്തിയ ചരസിന്റെ അളവ് ജയില്‍വാസത്തിന് മതിയായതല്ലെന്നും കേസിലെ പ്രധാന തെളിവെന്ന് എന്‍സിബി പറയുന്ന വാട്‌സാപ്പ് ചാറ്റ് 2018ലേതാണെന്നും റോഹ്ഗതി ചൂണ്ടിക്കാട്ടി.

അതേസമയം കേസ് അട്ടിമറിക്കാന്‍ ഷാരൂഖ് ഖാന്‍ ശ്രമിക്കുകയാണെന്ന് എന്‍സിബി ആരോപിച്ചു. കേസിലെ മുഖ്യസാക്ഷിയുടെ വെളിപ്പെടുത്തലാണ് എന്‍സിബി ചൂണ്ടിക്കാട്ടിയത്. ആര്യന്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ ഇല്ലാതാക്കുമെന്ന് എന്‍സിബി വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് ക്രൂസ് കപ്പലിലെ പാര്‍ട്ടിക്കിടെ ആര്യനെയും സുഹൃത്തുക്കളെയും എന്‍സിബി അറസ്റ്റ് ചെയ്തത്.

ആര്‍തര്‍ റോഡ് ജയിലില്‍ റിമാന്‍ഡിലായിരുന്ന ആര്യന് രണ്ട് തവണ വിചാരണക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയില്ലെന്ന് ജാമ്യാപേക്ഷകളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വാട്‌സാപ്പ് ചാറ്റുകളില്‍ മയക്കുമരുന്നിനെക്കുറിച്ച് പരാമര്‍ശമുണ്ടെന്നായിരുന്നു എന്‍സിബി വാദിച്ചത്. പിന്നീട് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ നടി അനന്യ പാണ്ഡേയെ എന്‍സിബി ചോദ്യം ചെയ്തിരുന്നു.