ആശിഷ് മിശ്ര റിമാന്റിൽ; ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്. അജയ് മിശ്രയുടെ രാജിക്ക് സമ്മർദ്ദം

 | 
up

ലഖിംപുർ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര റിമാൻഡിൽ. 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ അപേക്ഷയിൽ ലഖിംപുർ മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച്ച വാദം കേൾക്കും. ആശിഷ് മിശ്ര ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് പൊലീസ് കോടതിയോട് വ്യക്തമാക്കി.


മൊഴികളിലെ വൈരുദ്ധ്യമാണ് ആശിഷ് മിശ്രയെ കുടുക്കിയത്.  സംഭവ സമയം സ്ഥലത്തില്ലായിരുന്നുവെന്ന വാദം മൊബൈൽ ടവർ ലൊക്കേഷൻ റിപ്പോർട്ട് പ്രകാരം തെറ്റായിരുന്നു. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചത് തന്‍റെ ഡ്രൈവറല്ലെന്ന വാദവും പൊളിഞ്ഞു. 

കൊലപാതകം, കൊല്ലാനുറപ്പിച്ച് വാഹനം ഓടിക്കൽ, ക്രിമിനൽ ​ഗൂഢാലോചന തുടങ്ങി എട്ട് ​ വകുപ്പുകളാണ് ആശിഷ് മിശ്രയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോൾ താൻ സ്ഥലത്തില്ലായിരുന്നെന്നും  ഒരു ​ഗുസ്തിമത്സരത്തിന്  പോയിരിക്കുകയായിരുന്നുവെന്നുമാണ്  ആശിഷ് മിശ്ര പറയുന്നത്.  തെളിയിവായി വീഡിയോ ഉണ്ടെന്നും ആശിഷ് മിശ്ര പറയുന്നു.


അതേസമയം, മകൻ അറസ്റ്റിലായതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്ക് സമ്മർദ്ദം ശക്തമാക്കുകയാണ് പ്രതിപക്ഷവും കര്‍ഷകരും. അജയ് മിശ്രയ്ക്ക് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ആശിഷിന്റെ പിതാവായ  മന്ത്രി അജയ് മിശ്ര രാജിവെക്കാതെ  ലഖിംപുർ സംഭവത്തിലെ ഇരകൾക്ക് നീതി ഉറപ്പാകില്ലെന്ന് പ്രിയങ്കാ ​ ഗാന്ധി അഭിപ്രായപ്പെട്ടു. ആശിഷ് മിശ്ര കീഴടങ്ങിയതോടെ  അജയ് മിശ്രയുടെ രാജിക്കായി സമ്മർദ്ദം ശക്തമാണ്. അജയ്മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. ലഖിംപുർ ഖേരിയിൽ 12ന് കർഷകസംഘടനകൾ മാർച്ച് നടത്തും.