അഫ്ഗാനില്‍ തുടര്‍ന്നിരുന്നെങ്കില്‍ തൂക്കിലേറ്റപ്പെടുമായിരുന്നു; തീര്‍ച്ചയായും തിരിച്ചു വരുമെന്ന് അഷ്‌റഫ് ഗനി

 | 
ashraf ghani
അഫ്ഗാനില്‍ തുടര്‍ന്നിരുന്നെങ്കില്‍ തൂക്കിലേറ്റപ്പെടുമായിരുന്നുവെന്ന് മുന്‍ പ്രസിഡന്റ് അഷ്റഫ് ഗനി. താലിബാന്‍ കടന്നുകയറ്റത്തിനു പിന്നാലെ അഫ്ഗാന്‍ വിട്ട ഗനി യുഎഇയിലെത്തിയെന്നു സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വിഡിയോ സന്ദേശം പുറത്തുവന്നത്.

അഫ്ഗാനില്‍ തുടര്‍ന്നിരുന്നെങ്കില്‍ തൂക്കിലേറ്റപ്പെടുമായിരുന്നുവെന്ന് മുന്‍ പ്രസിഡന്റ് അഷ്റഫ് ഗനി. താലിബാന്‍ കടന്നുകയറ്റത്തിനു പിന്നാലെ അഫ്ഗാന്‍ വിട്ട ഗനി യുഎഇയിലെത്തിയെന്നു സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വിഡിയോ സന്ദേശം പുറത്തുവന്നത്. പണവുമായി രക്ഷപ്പെട്ടുവെന്ന ആരോപണത്തെ ഗനി നിഷേധിക്കുകയും ചെയ്തു. പണവുമായി രാജ്യംവിട്ടെന്ന ആരോപണം തന്നെ വ്യക്തിഹത്യചെയ്യാനാണെന്നും അവയെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് എന്നും ഗനി വ്യക്തമാക്കി. താന്‍ തീര്‍ച്ചയായും തിരിച്ചുവരുമെന്നും ഗനി പറഞ്ഞു. 

'ഇപ്പോള്‍ ഞാന്‍ എമിറേറ്റ്സിലാണ്. അതിനാലാണ് കലാപവും ചോരചിന്തലുമെല്ലാം അവസാനിച്ചത്. പണം കൈമാറ്റം ചെയ്യപ്പെട്ടതായുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. അഫ്ഗാനില്‍ നിന്ന് ഞാന്‍ പുറത്താക്കപ്പെടുമ്പോള്‍ കാലിലിട്ട ചെരുപ്പ് മാറ്റി ഷൂ ഇടാനുള്ള അവസരം പോലും എനിക്ക് ലഭിച്ചിരുന്നില്ല. ഞാന്‍ അവിടെ തുടര്‍ന്നിരുന്നെങ്കില്‍ അഫ്ഗാന്‍കാരുടെ കണ്‍മുന്നില്‍ അവരുടെ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് കൂടെ തൂക്കിലേറ്റപ്പെട്ടേനെ' എന്നാണ് ഗനി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞത്.

അഫ്ഗാനില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ വന്‍ കൂട്ടക്കുരുതിക്ക് സക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു. മറ്റൊരു യമനോ, സിറിയയോ ആകുന്നത് ഒഴിവാക്കാനായിരുന്നു രാജ്യം വിട്ടതെന്നും ഗനി പറഞ്ഞു. യുഎഇയില്‍ അഭയം തേടിയ ശേഷം അഷ്‌റഫ് ഗനിയുടെ ആദ്യ പ്രതികരണമാണ് പുറത്തുവന്നത്.