തൃശൂരില്‍ സ്‌കൂട്ടറില്‍ കാളയിടിച്ച് എഎസ്‌ഐക്ക് ദാരുണാന്ത്യം

 | 
johnson

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ എഎസ്‌ഐ സ്‌കൂട്ടറില്‍ കാളയിടിച്ച് മരിച്ചു. മണ്ണൂത്തി പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ കെ.എ.ജോണ്‍സണ്‍ (48) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കോവിലകത്തുംപാടത്ത് എല്‍ഐസി ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു അപകടം. റോഡില്‍ വെളിച്ചം കുറവായിരുന്നതിനാലാണ് അപകടമുണ്ടായതെന്ന് കരുതുന്നു. ഹെല്‍മെറ്റ് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.

അപകടത്തില്‍പെട്ട് കിടന്ന ജോണ്‍സണെ ആശുപത്രിയിലെത്തിക്കാന്‍ വാഹനങ്ങളില്‍ എത്തിയവര്‍ തയ്യാറായില്ലെന്ന് വിവരമുണ്ട്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കുടുംബമാണ് തങ്ങളുടെ കാറില്‍ ജോണ്‍സണെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് ജോണ്‍സണ്‍ മരിച്ചിരുന്നു.

നേരത്തേ പേരാമംഗലം സ്‌റ്റേഷനിലായിരുന്ന ജോണ്‍സണ്‍ രണ്ടു വര്‍ഷമായി മണ്ണൂത്തി സ്‌റ്റേഷനിലാണ് പ്രവര്‍ത്തിക്കുന്നത്. ഭാര്യ ജിന്‍സി. ജിസ്മി, ജോവല്‍ എന്നിവര്‍ മക്കളാണ്.