എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകം; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

 | 
K S Shan

ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത രതീഷ്, പ്രസാദ് എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയായിരുന്നു. ഷാനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാര്‍ വാടകയ്ക്ക് എടുത്തു നല്‍കിയത് ഇവരാണ്.

ഷാന്റെ കൊലപാതകത്തിന്റെ ആസൂത്രണത്തിലും ഗൂഢാലോചനയിലും ഇവര്‍ പങ്കാളികളാണെന്ന് ആലപ്പുഴ എസ്പി പറഞ്ഞു. ഇരുവരും ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകരാണ്. തൊണ്ടന്‍കുളങ്ങര ശാഖയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവത്തില്‍ എട്ടു പേര്‍ കൂടി പ്രതികളാണ്. കസ്റ്റഡിയിലുള്ളവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് കൂടുതലാളുകളെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. ശനിയാഴ്ച രാത്രിയാണ് ഷാന്‍ കൊല ചെയ്യപ്പെട്ടത്. വീട്ടിലേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ പിന്നില്‍ കാറിടിപ്പിച്ചു വീഴ്ത്തുകയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.