എസ്ഡിപിഐ നേതാവിന്റെ കൊല; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

 | 
Alappuzha Murder

ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 2 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. തൊണ്ടന്‍കുളങ്ങര ആര്‍എസ്എസ് ശാഖയില്‍ നിന്നാണ് രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊച്ചുകുട്ടന്‍, പ്രസാദ് എന്നിവരാണ് പിടിയിലായത്.  ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഷാനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാര്‍ വാടകയ്ക്ക് എടുത്തു കൊടുത്തവരാണ് ഇവര്‍ എന്നാണ് വിവരം.

ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ പ്രതികളെക്കുറിച്ച് സൂചന ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച രാത്രി 7.30ഓടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിയത്. മണ്ണഞ്ചേരി സ്‌കൂള്‍ കവലയ്ക്ക് സമീപം കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നു ആക്രമണം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാനെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു.

തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ വെച്ച് ഷാന്‍ രാത്രി മരിച്ചു. ശരീരത്ത് നാല്‍പതോളം വെട്ടുകളേറ്റിരുന്നു. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ ആരോപിക്കുന്നു.