മൊഫിയയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സിഐ സ്റ്റേഷനില്‍; പ്രതിഷേധവുമായി എംഎല്‍എ

മൊഫിയയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധീര്‍ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തി. സിഐയെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റിയെന്നായിരുന്നു ചൊവ്വാഴ്ച പോലീസ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ കേസിന്റെ ചുമതലയില്‍ നിന്ന് മാത്രമേ ഉദ്യോഗസ്ഥനെ മാറ്റിയിട്ടുള്ളുവെന്നാണ് വിവരം. ആരോപണ വിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വീണ്ടും ഡ്യൂട്ടിക്ക് എത്തിയതില്‍ പ്രതിഷേധവുമായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് രംഗത്തെത്തി. എംഎല്‍എ പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരിക്കുകയാണ്.
സുധീറിനെതിരായ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ രാഷ്ട്രീയ ബന്ധത്തിന്റെ പേരിലാണ് സിഐ സ്റ്റേഷനില്‍ തുടരുന്നതെന്നും ചുമതലകളില്‍ നിന്ന് മാറ്റിയെന്ന് പറഞ്ഞത് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. സിഐ ഉള്‍പ്പെടെ നാല് പ്രതികളാണ് സ്റ്റേഷനിലുള്ളതെന്നും എംഎല്‍എ ആരോപിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.
ഉത്ര വധക്കേസില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സിഐ സുധീര്‍. ഉത്ര കേസില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഞ്ചലില്‍ നിന്ന് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. 2020ല്‍ അഞ്ചല്‍ ഇടമുളയ്ക്കലില്‍ ദമ്പതികള്‍ മരിച്ച കേസില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പുവെക്കാന്‍ മൃതദേഹം സ്വന്തം വീട്ടിലേക്ക് എത്തിച്ച സംഭവത്തിലും ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടന്നിട്ടുണ്ട്.