കിഴക്കമ്പലത്ത് അതിഥി തൊഴിലാളികളുടെ ആക്രമണം. പോലീസ് ജീപ്പ് കത്തിച്ചു; നിരവധി പോലീസുകാർക്ക് പരിക്ക്

 | 
Kitex

കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികൾ 
താമസിക്കുന്ന സ്ഥലത്ത്  വൻ സംഘർഷം. ഇന്നലെ രാത്രി അക്രമാസ്കതരായ തൊഴിലാളികൾ പോലീസ് ജീപ്പ് കത്തിക്കുകയും പൊലീസുകാരെ വധിക്കാൻ ശ്രമിക്കുകയും ചെയ്തു. 500ലധികം വരുന്ന പോലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. നിരവധി പോലീസുകാർക്ക് പരിക്ക് പറ്റി. ഒരു എസ്.ഐ അടക്കം ചിലരുടെ പരിക്കുകൾ സാരമുളതാണ്. 

 കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ ജീവനക്കാരെയാണ് ഇവർ ആക്രമിച്ചത്. ഇൻസ്പെക്ടറടക്കം അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസുകാരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തൊഴിലാളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി. പ്രശ്നം പരിഹരിക്കാൻ ഇടപെട്ട പൊലീസ് സംഘത്തിന് നേരേ അതിഥി തൊഴിലാളികൾ ആക്രമണം നടത്തുകയായിരുന്നു. കിറ്റക്സ് കമ്പനി പരിസരത്ത് വൻ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.

കുന്നത്തുനാട് സിഐ ഷാജു അടക്കം അഞ്ച് പൊലീസുകാർക്കാണ് പരിക്കേറ്റത്. സിഐയുടെ തലക്ക് പരിക്കുണ്ട്. കൈ ഒടിഞ്ഞു. ഒരു പൊലീസ് ജീപ്പ് കത്തിച്ചു. അർധരാത്രിക്ക് ശേഷമാണ് തൊഴിലാളികൾ തമ്മിൽ സംഘർഷം നടന്നത്. ഇത് ഇത്രയും ഗുരുതരമാകുമെന്ന് ആദ്യ ഘട്ടത്തിൽ പൊലീസ് കരുതിയിരുന്നില്ല. അക്രമത്തിന് പിന്നാലെ കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തിയെങ്കിലും അക്രമം ഇപ്പോഴും തുടരുന്നുണ്ട്. നാട്ടുകാരും വലിയ തോതിൽ പ്രതിഷേധത്തിലാണ്. 

അക്രമങ്ങളുമായി ബന്ധപ്പെട്ട് 150 ലേറെ തൊഴിലാളികൾ കസ്റ്റഡിയിലുണ്ട്. ക്യാംപുകളിൽ പൊലീസ് ഇപ്പോൾ തെരച്ചിൽ നടത്തുന്നുണ്ട്. അക്രമികൾ പലരും സ്ഥലത്ത് നിന്ന് മാറിയിട്ടുണ്ട്. സംഘർഷത്തിന് അയവു വന്നിട്ടില്ല. എസ്പിയും ഡിവൈഎസ്പിമാരമടക്കം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ക്യാംപുകളിൽ റെയ്ഡ് നടക്കുന്നുണ്ട്. പരിക്കേറ്റ മറ്റ് പൊലീസുകാരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.

രാത്രി 12 മണിയോടെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘർഷം പോലീസിനു നേരെയും നാട്ടുകാർക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികൾ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. 
 പോലീസ് കൺട്രോൾ റൂമിൽ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും തൊഴിലാളികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു.


പോലീസ് എത്തിയ ജീപ്പ് നൂറോളം വരുന്ന തൊഴിലാളികൾ ചേർന്ന് അടിച്ചു തകർത്തു. പോലീസുകാർക്ക് ക്രൂരമായ മർദനമേറ്റു. തുടർന്ന് സംഭവം അന്വേഷിക്കാനെത്തിയ കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ ജീപ്പ് തൊഴിലാളികൾ അഗ്നിക്കിരയാക്കി. പോലീസുകാർ ജീപ്പിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. വാഹനം പൂർണമായും കത്തിനശിച്ചു. 

മദ്യപിച്ച് പരസ്പരം ഉണ്ടായ തർക്കമാണ് പ്രശ്നത്തിന് തുടക്കമെന്ന് പോലീസ് പറഞ്ഞു. അക്രമത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചവരെ പോലും ഇവർ മർദിച്ചു. സ്ഥലത്തെത്തിയ നാട്ടുകാർക്കുനേരെ തൊഴിലാളികൾ കല്ലെറിയുകയും ചെയ്തു. തുടർന്ന് ആലുവ റൂറൽ എസ്.പി കാർത്തിക്കിന്റെ നേതൃത്വത്തിൽ 500 ഓളം പോലീസുകാർ സ്ഥലത്തെത്തി. ഇവർ ഹോസ്റ്റലിനുള്ളിലേക്ക് കയറി ബലം പ്രയോഗിച്ച് തൊഴിലാളികളെ പിടികൂകയായിരുന്നു.