കൊണ്ടോട്ടിയില്‍ 21കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 15 കാരന്‍ പിടിയില്‍

 | 
Rape

മലപ്പുറം, കൊണ്ടോട്ടിയില്‍ 21കാരിയെ ക്രൂരമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 15കാരന്‍ പിടിയില്‍. യുവതിയുടെ നാട്ടുകാരനാണ് പ്രതി. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. വെളുത്ത് തടിച്ച്, മീശയും താടിയും ഇല്ലാത്ത ആളാണ് പ്രതിയെന്നും കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവമുണ്ടായത്. കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്ക് നേരെ കൊട്ടൂക്കര അങ്ങാടിക്ക് സമീപമാണ് ആക്രമണമുണ്ടായത്. വീട്ടില്‍ നിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് നടന്നു പോകുകയായിരുന്ന യുവതിയെ കടന്നുപിടിച്ച് സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു പ്രതി.

രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ മുഖത്ത് കല്ല് കൊണ്ടിടിച്ചു. യുവതിയുടെ ഷാള്‍ വലിച്ചുകീറുകയും കൈകള്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകുകയും ചെയ്തു. പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി ഓടി അടുത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പീഡന ശ്രമത്തിനിടെ പ്രതിയുടെ ശരീരത്തിലും പരിക്കേറ്റിരുന്നു. നായ ഓടിച്ചപ്പോള്‍ വീണ് പരിക്കേറ്റതാണെന്നായിരുന്നു കുട്ടി വീട്ടിലും പിന്നീട് പോലീസിനോടും പറഞ്ഞത്. പിന്നീട് പോലീസ് വിശദമായ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിക്കെതിരെ ബലാത്സംഗത്തിനും വധശ്രമത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.