നിമിഷപ്രിയയെ ദയാധനം നൽകി മോചിപ്പിക്കാൻ ശ്രമം: കാന്തപുരം

തലാലിന്റെ കുടുംബക്കാർ സമ്മതിക്കാതെ വധശിക്ഷ ഇളവു ചെയ്യാൻ കഴിയില്ല
 | 
Kanthapuram Nimishapriya

യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനുള്ള ഇടപെടൽ പുരോഗമിക്കുകയാണെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. കോഴിക്കോട് മർക്കസിലെ ഐടിഐ ഉദ്ഘാടനച്ചടങ്ങിൽ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ച് ദയാധനം നൽകി മോചിപ്പിക്കാനുള്ള ശ്രമമാണ് യെമനിലെ പണ്ഡിതന്മാരുമായി ബന്ധപ്പെട്ട് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

തലാലിന്റെ കുടുംബക്കാർ സമ്മതിക്കാതെ വധശിക്ഷ ഇളവു ചെയ്യാൻ യെമനിലെ കോടതിക്ക് അനുവാദമില്ലെന്ന് കാന്തപുരം പറഞ്ഞു. ‘‘വീട്ടുകാർ മുഴുവനും സമ്മതിക്കുമോ ഇല്ലയോ എന്നതു സംബന്ധിച്ച ചർച്ചകളാണ് പുരോഗമിക്കുന്നത്. ഇസ്‌ലാം വർഗീയവാദത്തിന്റെ മതമല്ലെന്നു ലോകത്തെ പഠിപ്പിക്കലും ജനങ്ങൾക്കു നന്മ ചെയ്യാൻ ശ്രമിക്കലും നമ്മുടെ കർത്തവ്യമാണ് എന്ന നിലയ്ക്കാണ് വിഷയത്തിൽ ഇടപെട്ടത്’’– കാന്തപുരം വ്യക്തമാക്കി.  

ചൊവ്വ രാവിലെ യെമൻ സമയം പത്തുമണിക്കാണ് (ഇന്ത്യൻ സമയം 12.30) തലാലിന്റെ കുടുംബവുമായുള്ള കൂടിക്കാഴ്ച പുനരാരംഭിച്ചത്. അതിൽ പങ്കെടുക്കാൻ യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ നിര്‍ദേശപ്രകാരം യെമൻ ശൂറാ കൗണ്‍സിലിലെ ഒരു അംഗം തലാലിന്റെ നാടായ ദമാറില്‍ എത്തിയതായാണ് വിവരം.