ഓസ്‌ട്രേലിയ ടി20 ലോകകപ്പ് ജേതാക്കൾ; ന്യൂസിലൻഡിനെ തകർത്തത് 8 വിക്കറ്റിന്.

മിച്ചൽ മാർഷ്, ഡേവിഡ് വാർണർ, ഹെയ്സൽവുഡ് എന്നിവർ തിളങ്ങി. കെയ്ൻ വില്യംസണിന്റെ പ്രകടനം പാഴായി.
 | 
T20

ദുബായ്: ട്വന്റി20 ലോകകപ്പ് കിരീടം ഓസ്‌ട്രേലിയ സ്വന്തമാക്കി. ഫൈനലിൽ അയൽക്കാരായ ന്യൂസിലൻഡിനെ 8 വിക്കറ്റിനാണ് അവർ തോൽപ്പിച്ചത്. കിവീസ് ഉയർത്തിയ 173 എന്ന വിജലക്ഷ്യം 7 പന്ത് ശേഷിക്കെ അവർ മറികടന്നു. ഡേവിഡ് വാർണർ, മിച്ചൽ മാർഷ് എന്നിവരുടെ പ്രകടനമാണ് ഓസ്‌ട്രേലിയക്ക് അവരെ ആദ്യ ടി20 ലോകകപ്പ് നേടിക്കൊടുത്തത്. 

ന്യൂസിലൻഡ് ഉയർത്തിയ ലക്ഷ്യം ഓസ്‌ട്രേലിയൻ ബാറ്റർമാരെ ഒരു ഘട്ടത്തിലും അലട്ടിയില്ല. നായകൻ ആരോൺ ഫിഞ്ച്(5) ആദ്യമേ ബോൾട്ടിന്റെ പന്തിൽ  പുറത്തായി എങ്കിലും വാർണറും മിച്ചൽ മാർഷും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ പറത്തിയാണ് മാർഷ് തുടങ്ങിയത്. പിന്നീടുള്ള രണ്ടു പന്തും ഫോർ. ഒപ്പത്തിനൊപ്പം അടിച്ചു തകർത്തു ഡേവിഡ് വാർണറും മുന്നേറിയപ്പോൾ കിവീസ് തളർന്നു. പവർപ്ലേ ഓവറുകളിൽ 43 റൺസ് നേടിയ അവർ റൺനിരക്ക് താഴത്തെ ശ്രദ്ധിച്ചു. 

01

34 പന്തിൽ വാർണർ അർധ സെഞ്ച്വറി തികച്ചു. പതിമൂന്നാം ഓവറിൽ വാർണർ പുറത്തായി എങ്കിലും ടീമിന്റെ അടിത്തറ ശക്‌തമായിരുന്നു. 38 പന്തിൽ 4 ഫോറിന്റെയും 3 സിക്സിന്റെയും അകമ്പടിയിൽ ആണ് വാർണർ 53 റൺസ് നേടിയത്. ബോൾട്ടിനാണ് വിക്കറ്റ്. എന്നാൽ പിന്നീട് വന്ന ഗ്ലെൻ മാക്സ്വെൽ നല്ല മൂഡിൽ ആയിരുന്നു. 31 പന്തിൽ മാർഷ് അർദ്ധ സെഞ്ച്വറി തികച്ചു. 50 പന്തിൽ 77 റൺസുമായി മാർഷും (6 ഫോർ, 4 സിക്സ്) 18 പന്തിൽ 28 റൺസുമായി മാക്‌സ്വെല്ലും പുറത്താകാതെ നിന്നു. 

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡിന് മികച്ച സ്കോർ നൽകിയത് നായകൻ കെയ്ൻ വില്യംസൺൻ്റെ ഒറ്റയാൾ പ്രകടനമാണ്. 48 പന്തിൽ 85 റൺസ് ആണ് അദ്ദേഹം നേടിയത്. 10 ഫോറും 3 സിക്‌സും ഉൾപ്പെട്ടതായിരുന്നു ഇന്നിങ്സ്. ഗപ്‌റ്റിൽ 28 റൺസ് എടുത്തു. ഓസ്‌ട്രേലിയക്ക് വേണ്ടി ഹെയ്സൽവുഡ് 4 ഓവറിൽ 16 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.

മിച്ചൽ മാർഷ് ആണ് കളിയിലെ താരം. ഡേവിഡ് വാർണർ പരമ്പരയിലെ താരവും.