എ.വി.ഗോപിനാഥിനെ കോണ്‍ഗ്രസില്‍ തിരിച്ചു കൊണ്ടുവരണം; പദ്മജ വേണുഗോപാല്‍

 | 
Padmaja

പാര്‍ട്ടി വിട്ട എ.വി.ഗോപിനാഥിനെ പോലെയുള്ളവരെ തിരിച്ച് കോണ്‍ഗ്രസില്‍ കൊണ്ടുവരണമെന്ന് പദ്മജ വേണുഗോപാല്‍. കരുണാകരനൊപ്പം ഗോപിനാഥ് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് പദ്മജയുടെ ഫെയിസ്ബുക്ക് പോസ്റ്റ്. ഗോപിനാഥിന്റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ളയാളാണ് താന്‍. അങ്ങനെയുള്ള നേതാക്കളെ മാറ്റി നിര്‍ത്തിയതാണ് നമുക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന തകര്‍ച്ചയെന്ന് പദ്മജ കുറിച്ചു.

ആര് എന്തൊക്കെ പറഞ്ഞാലും ഗോപിനാഥ് ആരുടെ ചെരുപ്പും നക്കാന്‍ പോകില്ല എന്ന് എനിക്കറിയാം. പിന്നെ ദേഷ്യവും സങ്കടവും വരുമ്പോള്‍ പലതും പറഞ്ഞു എന്ന് വരും .ആ മനുഷ്യനെ എല്ലാവരും നന്നായി ദ്രോഹിച്ചിട്ടുണ്ടെന്ന് കമന്റ് ബോക്‌സിലും പദ്മജ കുറിച്ചു. ഡിസിസി ഭാരവാഹികളെ നിയമിച്ചതിന് പിന്നാലെയാണ് പ്രതിഷേധം അറിയിച്ചുകൊണ്ട് പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റായിരുന്ന ഗോപിനാഥ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്.

പിന്നീട് കെപിസിസി ഭാരവാഹികളെ നിയമിക്കുമ്പോള്‍ ഗോപിനാഥിന് അര്‍ഹമായ സ്ഥാനം നല്‍കി തിരികെ കൊണ്ടുവന്നേക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതിലും ഗോപിനാഥ് തഴയപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് പദ്മജയുടെ പ്രതികരണം.

പോസ്റ്റ് വായിക്കാം

എ.വി ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോണ്‍ഗ്രസ്സിലേക്ക് കൊണ്ട് വരണം. ഗോപിനാഥിന്റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍.
ഒരിക്കല്‍ രാമനിലയത്തില്‍ വെച്ച് അച്ഛന്‍ ഒരു കാര്യം ഗോപിനാഥിനെ ഏല്‍പ്പിക്കുന്നത് ഞാന്‍ കണ്ടു. എനിക്കു കേട്ടപ്പോള്‍ അസാധ്യം എന്ന് തോന്നിയ ഒരു കാര്യം. ഞാന്‍ അത് ചെയ്തിട്ടേ ഇനി ലീഡറുടെ മുന്‍പില്‍ വരൂ എന്ന് പറഞ്ഞു . അതു പോലെ തന്നെ സംഭവിച്ചു. ഞാന്‍ അത്ഭുതപ്പെട്ടു പോയി, അങ്ങനെയുള്ള നേതാക്കളെ മാറ്റി നിര്‍ത്തിയതാണ് നമുക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന തകര്‍ച്ച. ഇങ്ങനെയുള്ളവരെ മുന്നിലേക്ക് കൊണ്ട് വരണം.
#padmajavenugopal
#padmajavenugopalthrissur