ഓർമകളിൽ ബാലഭാസ്‍കര്‍

 | 
bala baskar

ബാലഭാസ്കർ യാത്രയായിട്ട് അഞ്ചു വർഷം. ഒരു പകൽ പുലർന്നു തുടങ്ങുമ്പോൾ ഉണ്ടായ അപകടം അപ്രതീക്ഷിതമായി സംഗീത ലോകത്തെയാകെ കണ്ണീരിലാഴ്ത്തി. ബാലഭാസ്കറും കുടുംബവും വാഹനാപകടത്തിൽപ്പെട്ടുവെന്ന വാർത്ത കേട്ട് ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. 

പുതുതലമുറയിലെ സംഗീത പ്രേമികൾക്ക് വയലിൻ എന്നാൽ ബാലഭാസ്കർ എന്നൊരു നിർവചനം കൂടിയുണ്ടായിരുന്നു. കാരണം ബാലഭാസ്കർ എന്ന ഓർമ്മതന്നെ വയലിനുമായി നിൽക്കുന്ന ബാലഭാസ്കറിന്റെ മുഖമാണ്. മൂന്നാം വയസിൽ ബാലുവിന് കിട്ടിയ കളിപ്പാട്ടമായിരുന്നു വയലിൻ. പിന്നീട് അത് ജിവിതത്തിന്റെ ഭാഗമായി. വേദികളിൽ ബാലു വയലിൻ കൊണ്ട് ഇന്ദ്രജാലം തീർക്കുമ്പോൾ അതിൽ ലയിച്ച് നിർവൃതികൊണ്ടിരിക്കുന്ന മുഖങ്ങൾ പതിവ് കാഴ്ചയായിരുന്നു.

മലയാളത്തിന് ലഭിച്ച എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളിൽ ഒന്നാണ് 'നിനക്കായ്' എന്ന ആൽബം. 20-ാം വയസ്സിലാണ് സംഗീതസംവിധായകനായി ബാലഭാസ്കർ സംഗീതലോകത്തേക്കെത്തുന്നത്. ഈസ്റ്റ്കോസ്റ്റ് വിജയൻ രചിച്ച് 1998ൽ പുറത്തിറങ്ങിയ 'നിനക്കായ്' പ്രണയ ആൽബത്തിലെ നിനക്കായ് തോഴീ (നിനക്കായ് ദേവീ) പുനർജനിക്കാം എന്ന പാട്ടിലൂടെയാണ് ബാലഭാസ്കർ ശ്രദ്ധേയനാകുന്നത്. അതേവർഷം ഇറങ്ങിയ 'മംഗല്യപല്ലക്ക്' സിനിമയിലെ ഗാനത്തിനും സംഗീതം പകർന്നു. വിനോദ് റോഷൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്കാണ് ബാലഭാസ്കർ ഈണമിട്ടത്.

കണ്ണാടി കടവത്ത്, മോക്ഷം തുടങ്ങിയ സിനിമകൾക്കും സംഗീതം പകർന്നു. യേശുദാസ്, ജയചന്ദ്രൻ, ശ്രീകുമാർ, വേണുഗോപാൽ, ജയൻ (ജയവിജയ), ചിത്ര, മഞ്ജരി, ജ്യോത്സ്ന, രാധികാ തിലക് തുടങ്ങിയ ഗായകരെല്ലാം ബാലഭാസ്‌കറിന്റെ ഈണത്തിന് ശബ്ദമേകി. അഞ്ച് സിനിമകളിലായി മുപ്പതോളം പാട്ടുകൾക്കും 15ലേറെ ആൽബങ്ങൾക്കും ബാലു സംഗീതം നൽകിയിട്ടുണ്ട്.