നടിയെ ആക്രമിച്ച കേസിലെ വിഐപി അന്‍വര്‍ സാദത്ത് അല്ലെന്ന് ബാലചന്ദ്രകുമാര്‍
നടിയെ ആക്രമിച്ച കേസിലെ വിഐപി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് അല്ലെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയിലും വിഐപി പങ്കെടുത്തതായി ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് വിഐപി എന്ന് വിശേഷിപ്പിക്കപ്പെടുന്നയാള്‍. വിഐപിയുടെ വേഷം ഖദര്‍ മുണ്ടും ഷര്‍ട്ടുമാണെന്നും ആലുവയിലെ ഉന്നതനായ ഇയാള്‍ രാഷ്ട്രീയ പ്രവര്‍ത്തകനാകാമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് അന്‍വര്‍ സാദത്ത് എംഎല്‍എയാണ് വിഐപി എന്ന തരത്തില്‍ പല കോണുകളില്‍ നിന്നും സംശയം ഉയര്‍ന്നിരുന്നു.
എന്നാല്‍ അന്‍വര്‍ സാദത്തല്ല വിഐപി എന്ന് സ്ഥിരീകരിക്കുകയാണ് ബാലചന്ദ്രകുമാര്‍. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'വിഐപി അന്‍വര്‍ സാദത്ത് ആണോ എന്ന് സംശയം ഉയര്‍ന്നിരുന്നു. അതുകൊണ്ടു തന്നെ പല തവണ അദ്ദേഹത്തിന്റെ വീഡിയോ കണ്ടു. അങ്ങനെ അത് അന്‍വര്‍ സാദത്ത് അല്ലെന്ന് ഉറപ്പായി. എന്നാല്‍ വിഐപി രാഷ്ട്രീയക്കാരനാകാം. രാഷ്ട്രീയവും ബിസിനസ്സും ഒരുമിച്ചുകൊണ്ടുപോകുന്ന ഒരു ഉന്നതന്റെ പേരും ചിത്രവും പൊലീസ് കാണിച്ചു, അതുസംബന്ധിച്ച വിവരങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്' എന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.
നടിയെ ആക്രമിക്കുന്ന വീഡിയോ ദിലീപിന്റെ വീട്ടില്‍ എത്തിച്ചത് വിഐപിയാണെന്ന് ബാലചന്ദ്രകുമാര്‍ നേരത്തേ പറഞ്ഞിരുന്നു. ഒരിക്കല്‍ മാത്രമാണ് ഇയാളെ കണ്ടിട്ടുള്ളത്. അദ്ദേഹം തന്റെ അടുത്ത് ഇരുന്നിട്ടുള്ളതുകൊണ്ട് കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കും. പോലീസ് ഫോട്ടോ കാണിച്ചപ്പോള്‍ വിഐപിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.