ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി 10 ലക്ഷം വാങ്ങിയെന്ന് ദിലീപ് കോടതിയില്‍; പണം നല്‍കിയത് 10 വര്‍ഷങ്ങള്‍ക്ക് മുന്‍പെന്ന് സംവിധായകന്‍
ബാലചന്ദ്രകുമാര്‍ തന്നെ ഭീഷണിപ്പെടുത്തി പണം വാങ്ങിയിട്ടുണ്ടെന്ന് ദിലീപ്. 10 ലക്ഷം രൂപ ബാലചന്ദ്രകുമാര്‍ വാങ്ങിയിട്ടുണ്ടെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ദിലീപ് വ്യക്തമാക്കിയിരിക്കുന്നത്. പല സമയത്തായി ഭീഷണികള്‍ ഉന്നയിച്ച് 10 ലക്ഷം രൂപ തന്നില്‍ നിന്ന് വാങ്ങിയിട്ടുണ്ടെന്നാണ് ദിലീപിന്റെ ആരോപണം. നെയ്യാറ്റിന്‍കര ബിഷപ്പുമായി ബന്ധപ്പെട്ടും ദിലീപ് പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ തനിക്ക് ജാമ്യം കിട്ടുന്നതിനായി നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടുവെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞതായാണ് പരാമര്‍ശം.
തന്റെ ഭാര്യ ലത്തീന്‍ വിഭാഗത്തിലുള്ള ആളാണെന്നും നെയ്യാറ്റിന്‍കര ലത്തീന്‍ ബിഷപ്പുമായി ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായി ഈ ബിഷപ്പിന് ബന്ധമുണ്ട്. നടിയെ ആക്രമിച്ച കേസിലെ സത്യാവസ്ഥ ബിഷപ്പ് വഴി മുഖ്യമന്ത്രിയെയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും അറിയിക്കാമെന്നും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ തന്റെ പേര് ഒഴിവാക്കുമെന്നുമാണ് ബാലചന്ദ്രകുമാര്‍ നല്‍കിയ വാഗ്ദാനമെന്നും ദിലീപ് പറയുന്നു.
ജാമ്യം കിട്ടിയത് താന്‍ മൂലം നെയ്യാറ്റിന്‍കര ബിഷപ്പ് നടത്തിയ ഇടപെടലിലൂടെയാണെന്നും ബിഷപ്പിന് പണം കൊടുക്കണമെന്ന് ജാമ്യം കിട്ടി ഒരു മാസത്തിന് ശേഷം ബാലചന്ദ്രകുമാര്‍ പറഞ്ഞു. കേസില്‍ ഇടപെട്ട മറ്റു ചിലര്‍ക്കും പണം നല്‍കണമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞതായും ദിലീപ് പറയുന്നു. ഇത് നിരസിച്ചപ്പോള്‍ എഡിജിപി സന്ധ്യയെ വിൡക്കുമെന്ന് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയതായും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം ദിലീപിന്റെ ആരോപണങ്ങള്‍ ബാലചന്ദ്രകുമാര്‍ നിഷേധിച്ചു. നടിയെ ആക്രമിച്ച സംഭവത്തിന് 10 വര്‍ഷം മുന്‍പാണ് പണം നല്‍കിയത്. അത് സംവിധായകന്‍ എന്ന നിലയ്ക്കാണെന്നും ബിഷപ്പിന്റെ പേര് വലിച്ചിഴയ്ക്കുന്നത് സാമുദായിക സ്പര്‍ദ്ധയുണ്ടാക്കാനാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.