വിഐപിയെ തിരിച്ചറിഞ്ഞ് ബാലചന്ദ്രകുമാര്‍; നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായകം
നടിയെ ആക്രമിച്ച കേസുമായി ബന്ധമുള്ള വിഐപിയെ തിരിച്ചറിഞ്ഞ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപിന്റെ അടുത്ത സുഹൃത്തായ വ്യവസായിയാണ് ഇയാളെന്നാണ് സൂചന. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആറാം പ്രതിയായ അജ്ഞാതനെയാണ് ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞത്. പോലീസ് നല്‍കിയ ചിത്രങ്ങളില്‍ നിന്നാണ് ബാലചന്ദ്രകുമാര്‍ ഇയാളെ തിരച്ചറിഞ്ഞിട്ടുള്ളത്. കൂടുതല്‍ സ്ഥിരീകരണത്തിനായി ഇയാളുടെ ശബ്ദ സാംപിള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
2017 നവംബര്‍ 15ന് ഇയാള്‍ ദിലീപിന്റെ വീട്ടിലെത്തുമ്പോള്‍ താനും അവിടെയുണ്ടായിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇയാള്‍ എത്തിയപ്പോള്‍ കുട്ടി ശരത് അങ്കിള്‍ വന്നു എന്നും കാവ്യ ഇക്ക എന്ന് വിളിച്ചുവെന്നും മൊഴിയിലുണ്ട്. ദിലീപിന് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നല്‍കിയതിന്റെ തൊട്ടടുത്ത ദിവസം ഇയാള്‍ വിമാനയാത്ര നടത്തിയിട്ടുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. പ്രതിയെ കണ്ടെത്താന്‍ ഈ വിമാനയാത്രയുടെ വിവരങ്ങള്‍ കൂടി പോലീസ് ശേഖരിച്ചിരുന്നു.
ഹോട്ടല്‍, ട്രാവല്‍ ഏജന്‍ന്‍സി തുടങ്ങിയ ബിസിനസുകള്‍ ചെയ്യുന്ന പ്രവാസി വ്യവസായിയാണ് ഇയാള്‍ എന്നും സൂചനയുണ്ട്. കോട്ടയം സ്വദേശിയായ ഇയാളെ ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ചോഫാണ്. നിരീക്ഷണത്തിലുള്ള ഇയാള്‍ ഉടന്‍ തന്നെ കസ്റ്റഡിയില്‍ ആയേക്കും.