തന്നെ സ്വാധീനിക്കാന്‍ ദിലീപ് തിരുവനന്തപുരത്തെത്തിയെന്ന് ബാലചന്ദ്രകുമാര്‍; ശബ്ദസന്ദേശങ്ങളും ചാറ്റും പുറത്തുവിട്ടു

 | 
Balachandrakumar

ദിലീപിനെതിരെ കൂടുതല്‍ തെളിവുകളുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. തന്നെ സ്വാധീനിക്കാന്‍ ദിലീപി ശ്രമിച്ചതായും അതിനായി ദിലീപ് തിരുവനന്തപുരത്ത് എത്തിയതായും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. ദിലീപ് അയച്ച വാട്‌സാപ്പ് ചാറ്റുകളും ശബ്ദ സന്ദേശങ്ങളും ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടു. തന്നെ സ്വാധീനിക്കാന്‍ ദിലീപ് നേരിട്ട് തിരുവനന്തപുരത്ത് എത്തിയതായും തുടര്‍ച്ചയായി ഫോണ്‍ ചെയ്തതായും ബാലചന്ദ്രകുമാര്‍ നേരത്തേ പറഞ്ഞിരുന്നു. ഇതിനായി ദിലീപ് തിരുവനന്തപുരത്ത് രണ്ടു ദിവസം തങ്ങിയെന്നായിരുന്നു വെളിപ്പെടുത്തല്‍.

ബാലു, ബാലു അയക്കുന്ന മെസ്സേജ് ഒന്നും സേഫല്ല എന്റെ വാട്സാപ്പ് ആളുകള്‍ ഹാക്ക് ചെയ്യുന്നുണ്ട്. ഇതിലെ മെസ്സേജുകള്‍ കാണുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ പലതവണ വിളിക്കുന്നതെന്നാണ് ദിലീപിന്റെ സന്ദേശം. താന്‍ തിരുവനന്തപുരത്തുണ്ടെന്നും മെസേജ് അയക്കാന്‍ തനിക്ക് സാധിക്കില്ലെന്നും വാട്‌സാപ്പ് സന്ദേശത്തില്‍ ദിലീപ് പറയുന്നുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയാണ് സന്ദേശങ്ങള്‍ പുറത്തുവിട്ടത്. 2021 ഏപ്രില്‍ 10, 11 തിയതികളിലായിരുന്നു ഇത്.

എന്നാല്‍ ദിലീപ് താമസിക്കുന്ന ഹോട്ടലില്‍ എത്തിയാല്‍ തന്നെ അപായപ്പെടുത്തുമെന്ന ഭയം മൂലം കൂടിക്കാഴ്ചയില്‍ നിന്ന് താന്‍ പിന്‍മാറുകയായിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. അതേസമയം നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.