ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍; ദിലീപിനെ ഒന്നാം പ്രതിയാക്കി എഫ്‌ഐആര്‍

 | 
Dileep

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപിനും മറ്റ് 5 പേര്‍ക്കും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു കെ. പൗലോസ് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ ചൊവ്വാഴ്ച ചോദ്യം ചെയ്‌തേക്കും.

ദിലീപ്, ഭാര്യയുടെ സഹോദരന്‍ അപ്പു, ദിലീപിന്‍െ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, ബൈജു, വിഐപി എന്ന് വിശേഷിപ്പിക്കപ്പെട്ടയാള്‍ തുടങ്ങിയവരാണ് പ്രതികള്‍. ബാലചന്ദ്രകുമാര്‍ പോലീസിന് കൈമാറിയ ശബ്ദരേഖകള്‍ അടിസ്ഥാനമാനമാക്കിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളുടെ ശബ്ദസാമ്പിളുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനും പോലീസ് തയ്യാറെടുക്കുകയാണ്.

2017ല്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വെച്ച് നടന്ന ഗൂഢാലോചന സംബന്ധിച്ചാണ് കേസ്. പോലീസ് ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞുകൊണ്ട് ഇവര്‍ അനുഭവിക്കുമെന്ന് ഒന്നാം പ്രതിയായ ദിലീപ് പറഞ്ഞുവെന്നും ബൈജു കെ. പൗലോസിന്റെ വണ്ടിയില്‍ ഏതെങ്കിലും ട്രക്കോ മറ്റോ വന്ന് കയറിയാല്‍ ഒന്നരക്കോടി നോക്കേണ്ടി വരും എന്ന് സുരാജ് പറഞ്ഞതായും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.