ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍; ദിലീപിനെതിരെ തുടരന്വേഷണത്തിനൊരുങ്ങി പോലീസ്
നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് ഒരുങ്ങി പോലീസ്. സംവിധായകനും ദിലീപിന്റെ സുഹൃത്തുമായിരുന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം. ഇതിനായി പോലീസ് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കിട്ടിയെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടായിരുന്നെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ദിലീപ് ജാമ്യത്തിലിറങ്ങി നാല്‍പത് ദിവസത്തിനുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഒരു വിഐപി ദിലീപിന്റെ വീട്ടില്‍ എത്തിച്ചു. ദിലീപും സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ ഇത് കാണുന്നതിന് താന്‍ സാക്ഷിയാണ്. കേസില്‍ സാക്ഷികള്‍ കൂട്ടമായി കൂറുമാറിയതിന്റെ പശ്ചാത്തലത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നെന്ന വെളിപ്പെടുത്തല്‍ അന്വേഷണ സംഘം ഗൗരവമായാണ് കാണുന്നത്.