കോമനെ പടിക്ക് പുറത്താക്കി ബാഴ്സലോണ; സാവി പകരക്കാരനായേക്കും

 | 
koeman

ബാഴ്‌സലോണ:  ഡച്ച് പരിശീലകന്‍ റൊണാള്‍ഡ് കോമാനെ പുറത്താക്കി സ്പാനിഷ് ഫുട്ബോൾ ക്ലബ്ബ് എഫ്.സി ബാഴ്‌സലോണ. കഴിഞ്ഞ സീസണിലാണ് കോമാന്‍ ബാഴ്‌സയുടെ പരിശീലകനായി വന്നത്.  സാവി ഹെര്‍ണാണ്ടസ് കോമാന് പകരക്കാരനായേക്കും എന്നാണ് റിപ്പോർട്ടുകൾ.

റയോ വല്ലക്കാനോയുമായുള്ള മത്സരത്തില്‍ തോറ്റ് പോയിന്റ് പട്ടികയില്‍ ടീം ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് കോമാന്റെ തല ഉരുണ്ടത്.  അവസാനമായി കളിച്ച ഏഴ് മത്സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് ബാ്സക്ക് വിജയിക്കാനായത്. ഞായറാഴ്ച നടന്ന എല്‍ ക്ലാസിക്കോയില്‍ റയലിനോട് തോറ്റപ്പോള്‍ തന്നെ കോമാന്റെ കാര്യത്തില്‍ തീരുമാനം ബാഴ്‌സ കൈക്കൊണ്ടിരുന്നു.

കോമാന് പകരക്കാരനാകാന്‍ ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന സാവി നിലവില്‍ ഖത്തര്‍ ക്ലബ്ബ് അല്‍ സാദിന്റെ പരിശീലകനാണ്. ഇടക്കാല പരിശീലകനായി ബി ടീം കോച്ച് സെര്‍ജി ബാറുവാനെ നിയമിതനാകും. ബാഴ്‌സയുടെ മുന്‍ പ്രസിഡന്റ് ബാര്‍തമ്യൂവാണ് കോമാനെ പരിശീലകനായി നിയമിച്ചത്. ആദ്യ സീസണില്‍ കോപ്പ ഡെല്‍ റേ കിരീടം നേടാനും ഒപ്പം മെസിയെ ഒരു സീസണ്‍ കൂടി പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞതും കോമാന്റെ നേട്ടങ്ങളായിരുന്നു.