ബാഴ്സക്ക് വീണ്ടും തോൽവി; അത്‌ലറ്റിക്കോ മാഡ്രിഡും ചെൽസിയും ജയിച്ചു, യുണൈറ്റഡിന് സമനില

 | 
Madrid

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയും ലീഡ്‌സും വൂൾഫ്‌സും ജയിച്ചപ്പോൾ യുണൈറ്റഡിനും ആഴ്‌സ്ണലിനും സമനില. ലാ ലീഗയിൽ ബാഴ്‌സയെ അത്ലറ്റിക്കോ മാഡ്രിഡ് തോൽപ്പിച്ചപ്പോൾ ഇറ്റലിയിൽ യുവന്റസ് വിജയം നേടി. 

ചെൽസി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സൗത്താംപ്റ്റൺ ക്ലബ്ബിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ചെൽസി അക്കാഡമിയിൽ നിന്നുള്ള താരമായ ട്രാവോ ചലോബ ഒൻമ്പതാം മിനിറ്റിൽ ടീമിനെ മുന്നിൽ എത്തിച്ചു. ബെൻ ചിൽവിന്റെ ഫൗളിൽ കിട്ടിയ പെനാൽറ്റി 61ആം മിനിറ്റിൽ സെയിന്റ്സ് നായകൻ ജെയിംസ് വാർഡ് പ്രൊസ് ഗോൾ ആക്കി മാറ്റി. എന്നാൽ ജോർജിഞ്ഞോയെ ഫൗൾ ചെയ്തതിനു വാർഡ് പ്രോസിന് ചുവപ്പ് കാർഡ് കിട്ടി. അവസാന മിനിറ്റുകളിൽ വീണ രണ്ടു ഗോളുകൾ ആണ് ചെൽസിയെ രക്ഷപ്പെടുത്തിയത്. 84ആം മിനിറ്റിൽ തിമോ വെർണർ, 89ആം മിനിറ്റിൽ ബെൻ ചിൽവിൽ എന്നിവർ ആണ് ചെൽസി ഗോളുകൾ നേടിയത്. ഇതോടെ ഏഴ് കളിയിൽ നിന്നും ചെൽസിക്ക് 16 പോയിന്റ് ആയി. 

മാഞ്ചസ്റ്റർ യുണൈറ്റഡ്- എവർട്ടൺ മത്സരം സമനിലയിൽ പിരിഞ്ഞു. രണ്ടു ടീമും ഒരോ ഗോൾ നേടി. ആന്റണി മാർഷ്യൽ യുണൈറ്റഡിന്റെ ഗോൾ നേടിയപ്പോൾ ആൻട്രോസ് ടൗൺ സെൻ്റ് എവർട്ടൺൻ്റ ഗോൾ നേടി.

വൂൾഫ്‌സ് , ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. ലീഡ്സ് വാറ്റ്ഫോഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. ആഴ്‌സ്ണൽ, ബ്രൈറ്റൻ മത്സരവും ബേൺലി- നോർവിച്ച് സിറ്റി മത്സരവും സമനിലയിൽ പിരിഞ്ഞു.

ലാ ലീഗയിൽ അത്ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളിന് ബാഴ്സലോണയെ തോൽപ്പിച്ചു.  ലൂയിസ് സുവാരസ്, തോമസ് ലെമർ എന്നിവർ ആണ് ഗോൾ നേടിയത്. അത്ലറ്റിക്ക് ക്ലബ്ബ് ബിൽബാവോ, ഒസാസുന, മല്ലോർക്ക എന്നിവരും വിജയിച്ചു. 

ഇറ്റാലിയൻ ലീഗിൽ യുവന്റസ് എതിരില്ലാത്ത ഒരു ഗോളിന് ടോറിനോയെ തോൽപ്പിച്ചു. മാന്വൽ ലൊക്കറ്റലിയാണ് ഗോൾ നേടിയത്. ഇന്റർമിലാൻ, സസുവോലോയേയും തോൽപ്പിച്ചു.

ജർമ്മനിയിൽ ഡോർട്ട്മുണ്ട്, ലെപ്സിഗ്, കൊളോൺ, സ്റ്റുഡ്ഗാർട്ട്, ബൊറൂസിയ മോൻചെൻഗ്ലാൻബാ എന്നിവർ വിജയിച്ചു.