1947ല്‍ ലഭിച്ചത് ഭിക്ഷ, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014ലെന്ന് കങ്കണ; രാജ്യദ്രോഹ പരാമര്‍ശമെന്ന് ആംആദ്മി

 | 
Kankana

1947ല്‍ ഇന്ത്യക്ക് ലഭിച്ച സ്വാതന്ത്ര്യം ഭിക്ഷയാണെന്ന നടി കങ്കണ റണാവത്തിന്റെ പരാമര്‍ശം വിവാദത്തില്‍. പദ്മശ്രീ സ്വീകരിച്ചതിന് ശേഷം ഒരു ന്യൂസ് ചാനല്‍ നടത്തിയ അഭിമുഖത്തിലാണ് കങ്കണയുടെ പരാമര്‍ശം. 2014ലാണ് ഇന്ത്യക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്നും നടി പറഞ്ഞിരുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനെയാണ് സംഘപരിവാര്‍ അനുകൂലിയായ നടി സൂചിപ്പിച്ചത്.

എന്നാല്‍ കങ്കണയുടെ പരാമര്‍ശം രാജ്യദ്രോഹപരമാണെന്ന് ആംആദ്മി പാര്‍ട്ടി പറഞ്ഞു. നടിയുടെ രാജദ്രോഹപരവും മതവിദ്വേഷം കലര്‍ന്നതുമായ പരാമര്‍ശത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗം പ്രീതി ശര്‍മ മേനോന്‍ മുംബൈ പോലീസില്‍ പരാതി നല്‍കി. ഐപിസി 504, 504, 124എ എന്നീ വകുപ്പുകള്‍ ചുമത്തണമെന്നാണ് ആവശ്യം.

കങ്കണയുടെ പരാമര്‍ശത്തിനെതിരെ ബിജെപി എംപി വരുണ്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. കങ്കണയുടേത് രാജ്യവിരുദ്ധ പ്രവൃത്തിയാണെന്ന് വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി. നടിയുടെ അഭിമുഖത്തിന്റെ വീഡിയോയും വരുണ്‍ പോസ്റ്റ് ചെയ്തിരുന്നു.