പുതിയ മാര്‍ഗ്ഗനിര്‍ദേശം നിലവില്‍ വന്നു; രേഖകള്‍ ഇല്ലാതെ മദ്യം വാങ്ങാനെത്തിയവരെ തിരിച്ചയച്ച് ബെവ്‌കോ

ഹൈക്കോടതിയുടെ വിമര്ശനത്തിന് പിന്നാലെ മദ്യവില്പ്പനയില് നിയന്ത്രണങ്ങള് നടപ്പാക്കി ബിവറേജസ് കോര്പറേഷന്.
 | 
പുതിയ മാര്‍ഗ്ഗനിര്‍ദേശം നിലവില്‍ വന്നു; രേഖകള്‍ ഇല്ലാതെ മദ്യം വാങ്ങാനെത്തിയവരെ തിരിച്ചയച്ച് ബെവ്‌കോ

തിരുവനന്തപുരം: ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ മദ്യവില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കി ബിവറേജസ് കോര്‍പറേഷന്‍. മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലമോ വാക്സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ബെവ്കോ കര്‍ശനമായി നടപ്പാക്കി തുടങ്ങി. തിരുവനന്തപുരം ജില്ലയിലും പലയിടത്തും രേഖകള്‍ ഇല്ലാതെ എത്തിയവരെ തിരിച്ചയച്ചു.

ഇന്നലെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ ഇന്നുമുതലാണ് സംസ്ഥാനത്തെ മദ്യശാലകളില്‍ രേഖകള്‍ നിര്‍ബന്ധമാക്കിയത്. ഒരു ഡോസ് വാക്സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ മാത്രമേ മദ്യം വാങ്ങാന്‍ എത്തേണ്ടതുള്ളുവെന്നാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം. 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ഇത് സംബന്ധിച്ച നോട്ടിസ് പതിപ്പിച്ചിട്ടുണ്ട്.

കടകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം മദ്യവില്‍പ്പനക്കും ബാധകമാക്കണന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിനു പിന്നാലെ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. മഹാമാരിക്കാലത്തെ മദ്യവില്‍പ്പന ശാലകളിലെ തിരക്കില്‍ ആശങ്ക പ്രകടിപ്പിച്ച ഹൈക്കോടതി സര്‍ക്കാരിന്റെ പുതുക്കിയ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ടാണ് മദ്യവില്‍പ്പനശാലകള്‍ക്ക് ബാധകമാക്കാത്തതെന്ന് വിമര്‍ശനം ഉന്നയിച്ചിരുന്നു.