ഡൽഹിയെ സ്തംഭിപ്പിച്ച് ഭാരത് ബന്ദ്; ഗുരുഗ്രാം അതിര്‍ത്തിയില്‍ വൻ ഗതാഗതക്കുരുക്ക്
ന്യൂഡൽഹി: ഭാരത് ബന്ദിൽ രാജ്യ തലസ്ഥാനം നിശ്ചലമായി. പ്രധാന അതിർത്തികളെല്ലാം കർഷകർ ഉപരോധിച്ചിരിക്കുകയാണ്. ഗുരുഗ്രാം അതിർത്തിയിൽ രാവിലെ മുതൽ ഗതാഗത തടസമുണ്ടായി. ഒന്നര കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. ഡൽഹിയിലെ പല റോഡുകളിലും സമാനമായ സ്ഥിതിയാണ്.
ഗുരുഗ്രാമിൽ നിന്ന് ഡൽഹിയിലേക്കുള്ള പാതയിലാണ് വലിയ തടസം. ഡൽഹിയിൽ നിന്ന് ഗുരുഗ്രാമിലേക്കുള്ള ദേശീയ പാതയിലൂടെ വാഹനങ്ങൾ പോകുന്നുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി തലസ്ഥാനത്തേക്കുള്ള വാഹനങ്ങളെല്ലാം പരിശോധനയ്ക്ക് ശേഷം മാത്രമാണ് പോലീസ് കടത്തിവിടുന്നത്.
പ്രതിഷേധക്കാർ റോഡ് തടഞ്ഞതോടെ ഡിഎൻഡി മേൽപ്പാലത്തിലും വലിയ ഗതാഗത തടസ്സമുണ്ടായി. സിഘു അതിർത്തിയിലെ കർഷകർ ഡൽഹി-ഹരിയാന പാതയിലെ പ്രധാന വഴികളെല്ലാം തടഞ്ഞു. ഉത്തർപ്രദേശിൽ നിന്ന് ഗാസിപൂരിലേക്കുള്ള ഗതാഗതം പൂർണമായും അടച്ചതായി ട്രാഫിക് പോലീസ് അറിയിച്ചു. ഡൽഹി-അമൃത്സർ ദേശീയ പാതയിലും പ്രതിഷേധം തുടരുകയാണ്. ഹരിയാനയിലെ കുരുക്ഷേത്രയിലെ ഷഹബാദിൽ വൈകീട്ട് നാല് മണിവരെ ഗതാഗതം തടയുമെന്ന് കർഷകർ വ്യക്തമാക്കി