പെരിയ ഇരട്ടക്കൊലക്കേസ്; 5 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

 | 
Periya Murder Case

പെരിയ ഇരട്ടക്കൊലക്കേസില്‍ 5 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കേസ് അന്വേഷിക്കുന്ന സിബിഐ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജു, പ്രവര്‍ത്തകരായ സുരേന്ദ്രന്‍, റെജി വര്‍ഗീസ്, ഹരിപ്രസാദ്, ശാസ്താ മധു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ വ്യാഴാഴ്ച എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും.

കാസര്‍കോട് ഗസ്റ്റ് ഹൗസിലെ സിബിഐ ക്യാംപ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസില്‍ അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് സിപിഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേസ് ഹൈക്കോടതി ക്രൈം ബ്രാഞ്ചിന് വിട്ടത്. 2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എ.പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഏരിയ, ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 14 പേരാണ് കേസിലെ പ്രതികള്‍.