പെരിയ ഇരട്ടക്കൊലക്കേസ്; മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന് സിബിഐ കോടതി നോട്ടീസ്

 | 
Periya

പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന് നോട്ടീസ് അയച്ച് സിബിഐ കോടതി. ഈ മാസം 15ന് ഹാജരാകാനാണ് സിബിഐ കോടതിയായ എറണാകുളം സിജെഎം കോടതി നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കുഞ്ഞിരാമന് പുറമേ സിപിഎം നേതാക്കളായ മറ്റ് ഏഴു പേര്‍ക്കും കോടതി നോട്ടീസ് അയച്ചു.

രാഘവന്‍ വെളുത്തോളി, കെ.വി.ഭാസ്‌കരന്‍, ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം ബാലകൃഷ്ണന്‍, മണി എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവരില്‍ രാഘവന്‍ വെളുത്തോളി, കെ.വി.ഭാസ്‌കരന്‍, ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരെയും കെ.വി.കുഞ്ഞിരാമനെയും കേസില്‍ സിബിഐ പ്രതി ചേര്‍ത്തിരുന്നു.

മറ്റുള്ളവര്‍ ജാമ്യത്തിലുള്ളവരാണ്. കേസിലെ 24 പ്രതികളില്‍ 19 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഗള്‍ഫിലുള്ള സന്ദീപിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കെ.വി.കുഞ്ഞിരാമന്‍ കേസില്‍ 20-ാം പ്രതിയാണ്.