മാനസയുടെ കൊലപാതകം; രഖിലിന് തോക്ക് നല്‍കിയയാള്‍ പിടിയില്‍

കോതമംഗലത്ത് മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ രഖിലിന് തോക്ക് നല്കിയയാള് പിടിയില്.
 | 
മാനസയുടെ കൊലപാതകം; രഖിലിന് തോക്ക് നല്‍കിയയാള്‍ പിടിയില്‍

കോതമംഗലത്ത് മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ രഖിലിന് തോക്ക് നല്‍കിയയാള്‍ പിടിയില്‍. ബിഹാര്‍ സ്വദേശി സോനു മോദിയാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. ബിഹാര്‍ പോലീസിന്റെ സഹായത്തോടെ ബംഗാള്‍ അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മുന്‍ഗര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി. ഇയാളെ ഉടന്‍ കേരളത്തില്‍ എത്തിക്കും.

കോതമംഗലം എസ്‌ഐ മാഹിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഇയാളെ പിടികൂടിയത്. സോനുവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാളുടെ കൂട്ടാളികള്‍ സംഘത്തെ ആക്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബിഹാര്‍ സ്‌പെഷ്യല്‍ സക്വാഡിന്റെ സഹായത്തോടെ സോനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

രഖിലിന്റെ സുഹൃത്തുക്കളുടെ മൊഴികളില്‍ നിന്നാണ് തോക്ക് ബിഹാറില്‍ നിന്നായിരിക്കാം വാങ്ങിയിരിക്കുകയെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. ബിഹാറില്‍ ഒരു ടാക്‌സി ഡ്രൈവറാണ് തോക്ക് ലഭിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് രഖിലിന് വിവരം നല്‍കിയത്. ഇയാള്‍ക്ക് വേണ്ടിയും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.