പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍; പ്രതിഷേധവുമായി പ്രതിപക്ഷം
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ് ആക്കി ഉയര്‍ത്താനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ലോക്‌സഭയില്‍ വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് വിവാഹപ്രായ ഏകീകരണ ബില്‍ കൊണ്ടുവരുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു. ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് നടത്തിയത്.
പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം കേന്ദ്രസര്‍ക്കാര്‍ നീക്കം കൂടിയാലോചനകള്‍ ഇല്ലാതെയാണെന്ന് കുറ്റപ്പെടുത്തി. പ്രതിപക്ഷവുമായും സംസ്ഥാനങ്ങളുമായും കൂടിയാലോചനകള്‍ വേണമെന്നാണ് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടത്. അതേസമയം മതേതര മുഖമുള്ള ബില്ലാണ് അവതരിപ്പിച്ചതെന്നായിരുന്നു സ്മൃതി ഇറാനി അവകാശപ്പെട്ടത്.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആയി ഉയര്‍ത്തുന്നതിന് കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതിനെ വിവധ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ത്തിരുന്നു.