ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെക്കാൻ അധികാരമില്ല; ഗവർണർക്ക് അതിനുള്ള വീറ്റോപവറില്ലെന്ന് സുപ്രീം കോടതി

 | 
supreme court

നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. ബില്ലുകൾ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.

ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണം. ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിലോ തിരിച്ചയക്കുകയാണെങ്കിലോ അത് മൂന്നു മാസത്തിനുള്ളില്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യന്‍ ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെച്ച ഗവര്‍ണര്‍ ആല്‍.എന്‍. രവിക്കെതിരേ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാലയും മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ച് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്.

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അനന്തമായി പിടിച്ചുവെയ്ക്കാന്‍ രാജ്യത്തെ ഒരു സംസ്ഥാനത്തെയും ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ബില്ലുകൾ പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള പോര് നിലനില്‍ക്കുന്നിനിടയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഉത്തരവ് എന്നതാണ് ശ്രദ്ധേയം.

News Hub