ബിന്ദു അമ്മിണിയെ മര്‍ദ്ദിച്ചയാളെ കണ്ടെത്തി; കസ്റ്റഡിയില്‍ എടുക്കുമെന്ന് പോലീസ്
ബിന്ദു അമ്മിണിയെ മര്‍ദ്ദിച്ചയാളെ കണ്ടെത്തിയെന്ന് പോലീസ്. ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് എന്നയാളാണ് ആക്രമണം നടത്തിയത്. ബിന്ദു അമ്മിണി നല്‍കിയ പരാതിയില്‍ വെള്ളയില്‍ പോലീസാണ് അന്വേഷണം നടത്തിയത്. ഇയാളെ കസ്റ്റഡിയില്‍ എടുക്കുമെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം മോഹന്‍ദാസ് കടന്നുകളഞ്ഞിരുന്നു. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നെന്നാണ് പോലീസ് പറയുന്നത്.
ബുധനാഴ്ച വൈകിട്ടാണ് ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. കോഴിക്കോട് ബീച്ചില്‍ വെച്ചായിരുന്നു സംഭവം. പാര്‍ക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. കണ്ടാലറിയാവുന്ന ഒരു സംഘം ആളുകള്‍ തന്നെ അപമാനിക്കുകയും അതിലൊരാള്‍ മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ബിന്ദു അമ്മിണി പരാതിയില്‍ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ ബിന്ദു അമ്മിണി ഫെയിസ്ബുക്കിലൂടെ പുറത്തുവിട്ടു. മര്‍ദ്ദിച്ചയാളെ ബിന്ദു അമ്മിണി പ്രതിരോധിക്കുന്നതും വീഡിയോയില്‍ കാണാം. രണ്ടാഴ്ച മുന്‍പും ബിന്ദു അമ്മിണിക്കെതിരെ ആക്രമണം ഉണ്ടായിരുന്നു. സുപ്രീം കോടതി നിര്‍ദേശം ഉണ്ടായിട്ടും കേരള പോലീസ് തനിക്ക് സംരക്ഷണം തരുന്നില്ലെന്ന് ബിന്ദു അമ്മിണി നേരത്തേ ആരോപിച്ചിരുന്നു.