ബിനീഷ് കോടിയേരിക്ക് ജാമ്യം

 | 
Bineesh Kodiyeri

മയക്കുമരുന്ന് കടത്തുമായി ബന്ധമാരോപിച്ചുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ബിനീഷിന് ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷം തികയാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേയാണ് ജാമ്യം. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷിനെ പാര്‍പ്പിച്ചിരുന്നത്.

വിചാരണക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷകള്‍ നിരസിക്കപ്പെട്ടതോടെയാണ് ജാമ്യത്തിനായി ബിനീഷ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ഏഴു മാസത്തോളം ഹൈക്കോടതിയില്‍ വാദം നടന്നു. ജാമ്യത്തെ ഇഡി ശക്തമായി എതിര്‍ത്തിരുന്നു. ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ചേര്‍ന്ന് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു കേസ്.

അനൂപിനെ ചോദ്യം ചെയ്തപ്പോഴാണ് ബിനീഷിന്റെ പേര് ഉയര്‍ന്നു വന്നത്. പിന്നീട് ചോദ്യം ചെയ്യാന്‍ ബിനീഷിനെ ബംഗളൂരുവിലേക്ക് വിളിച്ചു വരുത്തി. രണ്ടാം തവണ ചോദ്യം ചെയ്യലിന് ശേഷം 2020 ഒക്ടോബര്‍ 29ന് ബിനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.