ബിപിന്‍ റാവത്തും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് സര്‍ക്കാരും വ്യോമസേനയും

 | 
Bipin Rawat

കൂനൂരിലുണ്ടായ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലികയും ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. വ്യോമസേനയും ട്വിറ്റര്‍ സന്ദേശത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

റാവത്തിനൊപ്പം ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.

കോയമ്പത്തൂരിലെ സൂലൂരില്‍ നിന്നാണ് റാവത്തും സംഘവും ഹെലികോപ്ടര്‍ യാത്ര ആരംഭിച്ചത്. വെല്ലിംഗ്ടണ്‍ കന്റോണ്‍മെന്റില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനായിരുന്നു യാത്ര. ലാന്‍ഡ് ചെയ്യുന്നതിന് 10 മിനിറ്റ് മുന്‍പാണ് അപകടമുണ്ടായത്. 12.20ഓടെയായിരുന്നു ഇത്. സംഭവത്തെക്കുറിച്ച് പ്രതിരോധമന്ത്രി പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ചു.