കോട്ടയത്ത് മൂന്ന് പഞ്ചായത്തുകളില്‍ പക്ഷിപ്പനി; തുടര്‍ നടപടികള്‍ക്കായി അടിയന്തര യോഗം

 | 
bird flu

കോട്ടയത്ത് മൂന്ന് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അയ്മനം, വെച്ചൂര്‍, കല്ലറ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകളും മറ്റു പക്ഷികളും തുടര്‍ച്ചയായി പക്ഷിപ്പനി ലക്ഷണങ്ങളോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ ഭോപ്പാലിലെ ലാബില്‍ നിന്നാണ് പരിശോധനാഫലം വന്നത്.

പക്ഷികള്‍ ചത്തൊടുങ്ങാന്‍ തുടങ്ങിയതോടെ മൃഗസംരക്ഷണ വകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും കര്‍ഷകര്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ തുടര്‍ നടപടികള്‍ക്കായി അടിയന്തര യോഗം വിളിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിലെ വളര്‍ത്തു പക്ഷികളെ നശിപ്പിക്കുകയായിരിക്കും ആദ്യ നടപടി. 5 കിലോമീറ്റര്‍ ചുറ്റളവില്‍ പക്ഷികളുടെ വില്‍പന നിരോധിക്കും. ആലപ്പുഴ, തകഴി പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പക്ഷികളെ കൊന്നിരുന്നു.