ബിജെപി ബഹിഷ്‌കരിച്ചു; ആലപ്പുഴയിലെ സര്‍വകക്ഷിയോഗം മാറ്റി

 | 
Murder

മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ കളക്ട്രേറ്റില്‍ ഇന്ന് ചേരാനിരുന്ന സര്‍വകക്ഷിയോഗം മാറ്റി. ബിജെപി ബഹിഷ്‌കരിച്ചതിനെ തുടര്‍ന്നാണ് യോഗം മാറ്റിവെച്ചത്. ഇന്ന് മൂന്നുമണിക്കായിരുന്നു യോഗം നിശ്ചയിച്ചത്. പിന്നീട് ഇത് 5 മണിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മൃതദേഹത്തെ അവഗണിക്കുകയാണ് അനാദരവ് കാട്ടുകയാണെന്നും പറഞ്ഞാണ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് വിട്ടുനല്‍കുന്നത് മനഃപൂര്‍വ്വം വൈകിപ്പിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ആര്‍ടിപിസിആര്‍ പരിശോധനയും ഇന്‍ക്വസ്റ്റും വൈകിയതിനാല്‍ ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടന്നില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാര്‍ പറഞ്ഞു. ഇത് ബോധപൂര്‍വമാണെന്നും ബിജെപി ആരോപിക്കുന്നു.

സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനായുള്ള സര്‍വകക്ഷിയോഗത്തിന് തങ്ങള്‍ എതിരല്ലെന്നും രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് കാണിച്ച അനാദരവ് സഹിക്കാന്‍ സാധിക്കുന്നതല്ലെന്നും ബിജെപി പറയുന്നു. സര്‍ക്കാരും പോലീസും അവഗണിക്കുകയാണ്. അതേസമയം എസ്ഡിപിഐക്കും തീവ്രവാദ ശക്തികള്‍ക്കും എല്ലാ പരിഗണനയും നല്‍കുന്നുണ്ടെന്നും ഗോപകുമാര്‍ പറഞ്ഞു.

രഞ്ജിത്തിന്റെ മൃതദേഹം എപ്പോള്‍ വിട്ടുകിട്ടുമെന്നോ ചടങ്ങുകള്‍ എപ്പോള്‍ നടത്താന്‍ കഴിയുമെന്നോ അറിയില്ല. അതുകൊണ്ട് സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് വിശദീകരണം. എന്നാല്‍ ബിജെപി നേതാക്കളുടെ സൗകര്യം കൂടി പരിഗണിച്ചാണ് യോഗം അഞ്ചുമണിയിലേക്ക് മാറ്റിയതെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.