ബിജെപി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു

 | 
p p mukudhan

ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി പി മുകുന്ദൻ (76) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്.

45 വർഷം സംഘടനാ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു പി പി മുകുന്ദൻ. 16 വർഷക്കാലം ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി പദം അദ്ദേഹം അലങ്കരിച്ചിരുന്നു. ബിജെപി കേരള ഘടകത്തിലെ ജനപ്രീതിയാർജിച്ച നേതാവാണ് പി പി മുകുന്ദൻ. 1988 മുതൽ 1995വരെ ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയുടെ എം ഡിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.

1946ൽ കണ്ണൂരിലെ മണത്തനയിലാണ് പി പി മുകുന്ദന്റെ ജനനം. നടുവിൽ വീട്ടിൽ കൃഷ്ണൻ നായരുടേയും കല്യാണിയമ്മയുടേയും മകനായാണ് ജനനം. ആർഎസ്എസ് പ്രചാരകനായാണ് പൊതുപ്രവർത്തന രംഗത്തേക്ക് പിപി മുകുന്ദൻ കടന്നുവരുന്നത്. 1991 മുതൽ 2007 വരെ അദ്ദേഹം ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. ഏറ്റവും കൂടുതൽ കാലം കേരളത്തിൽ ബിജെപിയുടെ സംഘടനാ ചുമതലയുടെ തലപ്പത്തുണ്ടായിരുന്ന ആളെന്ന പ്രത്യേകതയും പി പി മുകുന്ദനുണ്ട്. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു.