ആര്യന്‍ ഖാനൊപ്പം പിടിയിലായ ബിജെപി നേതാവിന്റെ ബന്ധുവിനെ ഉള്‍പ്പെടെ വിട്ടയച്ചു; തെളിവുകളുമായി മഹാരാഷ്ട്ര മന്ത്രി

മുംബൈ: ആഡംബര കപ്പലില്‍ നടന്ന റെയ്ഡില്‍ ആര്യന്‍ ഖാനൊപ്പം പിടിയിലായ ബിജെപി നേതാവിന്റെ ബന്ധു ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ചതായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. പിടിയിലായ മൂന്നു പേരെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വിട്ടയച്ചുവെന്നാണ് തെളിവുകള്‍ സഹിതം മന്ത്രി പറഞ്ഞത്. ബിജെപി നേതാവ് മോഹിത് കംബോജിന്റെ ഭാര്യ സഹോദരന്‍ റിഷഭ് സച്ച്ദേവ് ഉള്‍പ്പെടെ മൂന്നു പേരെയാണ് വിട്ടയച്ചത്. ഇതിന്റെ വീഡിയോയും മന്ത്രി പുറത്തു വിട്ടു. മുംബൈ യുവമോര്‍ച്ച മുന്‍ അധ്യക്ഷനാണ് മോഹിത് കാംബോജ്.
പിടികൂടിയ ആളുകളെ സംബന്ധിച്ച് അവ്യക്തമായ പ്രസ്താവനകളാണ് റെയ്ഡിന് ശേഷം എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ നടത്തിയത്. എട്ട് മുതല്‍ 10 വരെ ആളുകളെ പിടികൂടിയെന്നായിരുന്നു വാങ്കഡേയുടെ ആദ്യ പ്രസതാവന. 11 ആളുകളെയാണ് പിടികൂടിയതെന്ന് റെയ്ഡില്‍ പങ്കെടുത്ത പോലീസും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ നേരം പുലര്‍ന്നപ്പോള്‍ പിടികൂടിയവരുടെ എണ്ണം എട്ടായി മാറി. ആരുടെ നിര്‍ദേശ പ്രകാരമാണ് മൂന്ന് പേരെ വിട്ടയച്ചത്. സത്യം വെളിപ്പെടുത്താന്‍ എന്‍സിബി അധികൃതര്‍ തയ്യാറാകണമെന്ന് നവാബ് മാലിക് പറഞ്ഞു.
സമീര്‍ വാങ്കഡെയും ബിജെപി നേതാക്കളും ചില സംഭാഷണങ്ങള്‍ നടന്നതായാണ് തങ്ങള്‍ മനസ്സിലാക്കുന്നതെന്നും നവാബ് മാലിക് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. റിഷഭ് സച്ച്ദേവ്, പ്രതിക് ഗാബ, അമിര്‍ ഫര്‍ണീച്ചര്‍വാല എന്നീ മൂന്ന് പേരെയാണ് വിട്ടയച്ചത്. വിട്ടയച്ച മൂന്ന് പേരേയും എന്‍സിബി ഓഫീസിലെത്തിച്ചതിന്റെ വീഡിയോ ദൃശ്യമാണ് അദ്ദേഹം പുറത്തുവിട്ടത്.
മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാനെ എന്‍സിബി കുടുക്കിയതാണെന്നും ബിജെപി നേതാക്കന്‍മാരാണ് ഇതിന് ചരട് വലിച്ചതെന്നും കഴിഞ്ഞ ദിവസം മാലിക് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ തെളിവുകളുമായി അദ്ദേഹം രംഗത്തെത്തിയത്. മുംബൈ പോലീസിന്റെ ആന്റി നാര്‍കോട്ടിക് സെല്‍ ഇതില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും നവാബ് മാലിക് വ്യക്തമാക്കി.