സന്ദീപ് വാര്യരെ തള്ളി ബിജെപി; മറുപടിയില്ലെന്ന് സുരേന്ദ്രന്‍, അധ്യക്ഷന്‍ പറയുന്നതാണ് നിലപാടെന്ന് പി.സുധീര്‍

 | 
Sandeep-Varrier

ഹലാല്‍ വിവാദത്തില്‍ ബിജെപി നിലപാടിന് വിരുദ്ധമായി ഫെയിസ്ബുക്ക് പോസ്റ്റിട്ട സന്ദീപ് വാര്യരെ തള്ളി പാര്‍ട്ടി. സന്ദീപിന് മറുപടിയില്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. സന്ദീപി വാര്യരുടെ നിലപാടിന് മറുപടി പറയാനില്ലെന്നാണ് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുരേന്ദ്രന്‍ മറുപടി നല്‍കിയത്.

സന്ദീപിന്റെ നിലപാടിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീറും രംഗത്തെത്തി. സംസ്ഥാന അധ്യക്ഷന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാടെന്നും പാര്‍ട്ടി ഭാരവാഹികളുടെ നിലപാട് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുമായി ചേര്‍ന്നു പോകണമെന്നും സുധീര്‍ പറഞ്ഞു. ഹലാല്‍ ഒരു മതപരമായ ആചാരമാണെന്ന് ബിജെപി വിശ്വസിക്കുന്നില്ല. ഇതിനെ ഇസ്ലാമിക പണ്ഡിതന്‍മാര്‍ പോലും അനുകൂലിക്കുമെന്ന് തോന്നുന്നില്ലെന്നും സുധീര്‍ പറഞ്ഞു.

ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലതെന്നാണ് ഫെയിസ്ബുക്ക് പോസ്റ്റില്‍ സന്ദീപ വാര്യര്‍ പറഞ്ഞത്. ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നില്‍ എത്ര കാലത്തെ അധ്വാനവും പ്രയത്നവും ഉണ്ടാവും? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റില്‍ തകരുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്നമാകാം. വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത്. ഒരു ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതെല്ലാവരും ഓര്‍ക്കണം, ഓര്‍ത്താല്‍ നല്ലത് എന്ന് താക്കീതിന്റെ ഭാഷയിലാണ് പോസ്റ്റ്.