എല്‍ഡിഎഫ് അവിശ്വാസത്തിന് ബിജെപി പിന്തുണ; കോട്ടയം നഗരസഭാ ഭരണത്തില്‍ നിന്ന് യുഡിഎഫ് പുറത്ത്
കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി ഭരണത്തില്‍ നിന്ന് യുഡിഎഫ് പുറത്ത്. എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. അവിശ്വാസ പ്രമേയം പരിഗണിക്കുമ്പോള്‍ യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നെങ്കിലും എല്‍ഡിഎഫ്. ബിജെപി അംഗങ്ങള്‍ ഹാജരായതോടെ ക്വാറം തികഞ്ഞു. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ ബിജെപി വിപ്പ് നല്‍കിയിരുന്നു.
52 അംഗ നഗരസഭയില്‍ 22 വീതം അംഗങ്ങളാണ് യുഡിഎഫിനും എല്‍ഡിഎഫിനും ഉള്ളത്. 52 അംഗങ്ങളില്‍ 29 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഒരു വോട്ട് അസാധുവായി. ബിജെപിക്ക് എട്ട് അംഗങ്ങളാണുള്ളത്. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്ന് ബിജെപി വിട്ടുനില്‍ക്കുമെന്നാണ് കോണ്‍ഗ്രസും യുഡിഎഫും കരുതിയത്. എന്നാല്‍ അവസാന നിമിഷം ബിജെപി പ്രമേയത്തെ പിന്തുണയ്ക്കാന്‍ വിപ്പ് നല്‍കുകയായിരുന്നു.
ഇതോടെ കോട്ടയം ജില്ലയില്‍ യുഡിഎഫിന് ഭരണം നഷ്ടമാകുന്ന രണ്ടാമത്തെ മുനിസിപ്പാലിറ്റിയായി മാറിയിരിക്കുകയാണ് കോട്ടയം നഗരസഭ. നേരത്തേ ഈരാറ്റുപേട്ടയും യുഡിഎഫിന് നഷ്ടമായിരുന്നു.