2026ൽ കേരളത്തിൽ ബിജെപി വിജയക്കൊടി പാറിക്കും : അമിത്ഷാ
2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരണ ലക്ഷ്യം വച്ചാണ് ബിജെപി മത്സരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കേരളത്തിലും അധികാരത്തില്‍ എത്താനുള്ള അവസരമാണ് ബിജെപിക്ക് വന്നിരിക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പില്‍ 21,000 വാര്‍ഡുകളില്‍ മത്സരിച്ച് 25 ശതമാനത്തിലേറെ വോട്ട് നേടി ബിജെപി വിജയക്കൊടി പാറിക്കുമെന്നും പുത്തരിക്കണ്ടം മൈതാനിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
ബിജെപി ഉത്തരേന്ത്യന്‍ പാര്‍ട്ടിയാണെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും പറയുന്നത്. എന്നാല്‍ അസമിലും ത്രിപുരയിലും ഒഡീഷയിലും തെലങ്കാനയിലും പാര്‍ട്ടി ശക്തമായ സാന്നിധ്യമറിയിച്ചു. തമിഴ്‌നാട്ടില്‍ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണ്. ഇടതുഗുണ്ടകള്‍ കൊന്നൊടുക്കിയ ബിജെപി പ്രവര്‍ത്തകരുടെ സ്വപ്‌നമായിരുന്നു സംസ്ഥാനത്തു ബിജെപി അധികാരത്തിലെത്തുക എന്നത്. ആ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള സമയമായിരിക്കുന്നതായും അമിത്ഷാ പറഞ്ഞു.
ഇടതുവലതു സര്‍ക്കാരുകള്‍ അഴിമതിക്കാരാണ്. എക്‌സാലോജിക് അഴിമതി, സഹകരണബാങ്ക് അഴിമതി, എഐ ക്യാമറ അഴിമതി, ലൈഫ് മിഷന്‍, കെ ഫോണ്‍, പിപിഇ കിറ്റ് അഴിമതി എന്നിവ ഇടതുസര്‍ക്കാരിന്റേതാണ്. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആയി നടന്ന രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് നയതന്ത്ര സ്വര്‍ണക്കടത്ത്. യുഡിഎഫും അവസരം കിട്ടിയപ്പോള്‍ അഴിമതി നടത്തി. എന്നാല്‍ മോദി സര്‍ക്കാര്‍ 11 വര്‍ഷം പിന്നിടുമ്പോഴും ഒറ്റ അഴിമതി ആരോപണം പോലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. വികസിതകേരളം എന്നത് നരേന്ദ്ര മോദിക്കും ബിജെപിക്കുമല്ലാതെ നടപ്പാക്കാന്‍ കഴിയില്ല. പിഎഫ്‌ഐ പടര്‍ന്നുപന്തലിച്ചപ്പോള്‍ പ്രധാനമന്ത്രി ശക്തമായ നടപടി സ്വീകരിച്ച് ദേശവിരുദ്ധശക്തികളെ ജയിലില്‍ അടച്ചെന്നും അമിത് ഷാ പറഞ്ഞു.
വിദേശത്തു ചികിത്സയ്ക്കു പോയ മുഖ്യമന്ത്രി പിണറായി വിജയനെ പരാമര്‍ശിച്ചാണ് അമിത്ഷാ പ്രസംഗം തുടങ്ങിയത്. വിദേശത്തുള്ള മുഖ്യമന്ത്രി ബിജെപിയുടെ വലിയ പരിപാടി തിരുവനന്തപുരത്ത് നടക്കുകയാണെന്ന് മനസ്സിലാക്കണമെന്ന് അമിത്ഷാ പറഞ്ഞു. മന്നത്തു പത്മനാഭന്റെയും ശ്രീനാരായണ ഗുരുദേവന്റെയും അയ്യങ്കാളിയുടെയും പണ്ഡിറ്റ് കറുപ്പന്റെയും ഭൂമിയായ കേരളത്തെ നമിക്കുന്നുവെന്നും കേരളത്തില്‍ എന്‍ഡിഎ ഭരണം സ്ഥാപിക്കുന്നതിന്റെ തുടക്കമാകട്ടെ ഇതെന്നും അമിത് ഷാ പറഞ്ഞു.

