കരുവന്നൂരിലെ ബിജെപി മാര്‍ച്ച് രാഷ്ട്രീയ പ്രേരിതം, പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കം; വി.എന്‍ വാസവന്‍
കരൂവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ ബിജെപി നടത്തുന്ന പദയാത്രക്കെതിരെ സഹകരണ മന്ത്രി വി.എന്‍ വാസവന്‍. ബിജെപി മാര്‍ച്ച് രാഷ്ട്രീയപ്രേരിതമാണെന്നും മൂന്നു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ ജാഥ നടത്തുന്നത് പരിഹാസ്യമാണെന്നും മന്ത്രി പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടാണ് ബിജെപി നീക്കമെന്നും മന്ത്രി പറഞ്ഞു.
പണം തിരികെപിടിക്കാനുള്ള എല്ലാ നടപടകളും സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് ബിജെപിയുടെ മാര്‍ച്ചെന്ന് മന്ത്രി വിമര്‍ശിച്ചു. ബിജെപിയുടെ യാത്ര അപ്രസക്തമാണെന്ന് മന്ത്രി ചൂണ്ടിക്കാണിക്കുന്നു.
അതേസമയം കരുവന്നൂരില്‍ ബിജെപിയുടെ മാര്‍ച്ചിന് തുടക്കമായി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ സീറ്റ് ലക്ഷ്യമിടുന്ന സുരേഷ് ഗോപിയാണ് ജാഥ നയിക്കുന്നത്. രാഷ്ട്രീയമില്ലെന്നും കരുവന്നൂരില്‍ ബിജെപി പദയാത്രയില്‍ പങ്കെടുക്കുന്നത് മാനുഷിക പരിഗണനമൂലമാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നാരംഭിച്ച പദയാത്ര തൃശൂര്‍ കോര്‍പറേഷന് മുന്നില്‍ സമാപിക്കും.