കേരളത്തില്‍ വീണ്ടും ബ്ലാക്ക് ഫംഗസ്; 38 കാരി ചികിത്സയില്‍

കൊച്ചി: സംസ്ഥാനത്ത് വീണ്ടു ബ്ലാക്ക് ഫംഗസ് ബാധ. എറണാകുളം ഉദയംപേരൂര്‍ സ്വദേശിയായ 38കാരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോവിഡിന് പിന്നാലെയാണ് ഇവര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവിനും കോവിഡ് ബാധിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുന്നവരിലാണ് ബ്ലാക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോര്‍മൈക്കോസിസ് രോഗം വരുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഇവരെ സഹായിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ എംഎല്‍എ കെ.ബാബു ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്തയച്ചു.
ആദ്യഘട്ടത്തില്‍ തന്നെ ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാവുന്ന രോഗമാണ് ഇത്. ആന്റിഫംഗല്‍ മരുന്നുകളാണ് ഇതിന് നല്‍കുന്നത്. സംസ്ഥാനത്ത് രോഗം വ്യാപകമായ ഘട്ടത്തില്‍ മരുന്നിന് ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇപ്പോള്‍ മരുന്ന് ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്നാണ് വിവരം.