കള്ളപ്പണ ഇടപാട്; നാല് പോലീസുകാര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ്

 | 
Money
കള്ളപ്പണ ഇടപാടില്‍ സംസ്ഥാനത്തെ നാല് പോലീസുകാര്‍ക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

തിരുവനന്തപുരം: കള്ളപ്പണ ഇടപാടില്‍ സംസ്ഥാനത്തെ നാല് പോലീസുകാര്‍ക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. എറണാകുളം തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്.എച്ച്.ഒ സുരേഷ്‌കുമാര്‍, എ.എസ്.ഐ ജേക്കബ്, സി.പി.ഒ ജ്യോതി ജോര്‍ജ്ജ്, കൊടകര എസ്.എച്ച്.ഒ അരുണ്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ ഡിജിപിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും കത്ത് നല്‍കി.

ഇവരുടെ സര്‍വീസ് ഹിസ്റ്ററി ഉള്‍പ്പെടെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് കള്ളപ്പണ ഇടപാടുകളുണ്ടോയെന്നും ഇവര്‍ക്കെതിരെ നിലവില്‍ കേസുകളുണ്ടോയെന്നു ഇഡി അന്വേഷിച്ചു. തടിയിട്ടപ്പറമ്പ് സ്റ്റേഷനില്‍ ഇവര്‍ നാലു പേരും പ്രവര്‍ത്തിക്കുന്ന സമയത്ത് കളളപ്പണ ഇടപാട് നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് പരാതി ലഭിച്ചിരുന്നു. ഇഡിയുടെ കത്ത് ലഭിച്ചതോടെ ഇവര്‍ക്കെതിരെ വിജിലന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണമാണ് ഇവര്‍ക്കെതിരെ നടത്തുന്നത്. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളാന്‍ സാധ്യതയുണ്ടെന്നും വിവരമുണ്ട്.