മോന്‍സന്‍ നല്‍കിയത് കളിത്തോക്കെന്ന് ബോഡിഗാര്‍ഡ്; കൂടുതല്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടാകാമെന്ന് മാനേജര്‍

 | 
Monson

മോന്‍സണ്‍ മാവുങ്കലിനെതിരെ വെളിപ്പെടുത്തലുകളുമായി മുന്‍ ജീവനക്കാര്‍. ബോഡിഗാര്‍ഡുകള്‍ക്ക് മോന്‍സണ്‍ നല്‍കിയത് കളിത്തോക്കായിരുന്നുവെന്ന് ബോഡിഗാര്‍ഡ് മാത്യു വെളിപ്പെടുത്തി. മോന്‍സണ്‍ പറഞ്ഞത് അനുസരിച്ച് പലരെയും താന്‍ ഉപദ്രവിച്ചിട്ടുണ്ട്. തന്റെ കാറിനെ ആരെങ്കിലും ഓവര്‍ടേക്ക് ചെയ്താല്‍ അവരെ അടിക്കാന്‍ തന്നോട് പറഞ്ഞിട്ടുണ്ട്. വീടിന് പരിസരത്ത് ഒന്നുരണ്ടു തവണ പ്രശ്‌നമുണ്ടായപ്പോള്‍ ആളുകളെ തല്ലാന്‍ പറഞ്ഞു. മോന്‍സന്റെ അടുത്തു നിന്ന് പോയ അജിയെ ഉപദ്രവിക്കാനും തന്നെ ഏല്‍പിച്ചിട്ടുണ്ടെന്ന് മനോരമ ന്യൂസിനോട് മാത്യു പറഞ്ഞു.

അതേസമയം കൂടുതല്‍ പെണ്‍കുട്ടികളെ മോന്‍സണ്‍ പീഡിപ്പിച്ചിട്ടുണ്ടാകാമെന്ന് മാനേജര്‍ ജിഷ്ണു പറഞ്ഞു. പോക്‌സോ കേസിലെ ഇരയുടെ വീട്ടില്‍ മോന്‍സണ്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് താന്‍ പോയത്. പെന്‍ഡ്രൈവ് കത്തിച്ചത് താനാണെന്നും അത് മോന്‍സണ്‍ നിര്‍ദേശിച്ചത് അനുസരിച്ചാണെന്നും ജിഷ്ണു വ്യക്തമാക്കി. അറസ്റ്റിലായതിന് തൊട്ടടുത്ത ദിവസമാണ് പെന്‍ഡ്രൈവ് നശിപ്പിക്കാന്‍ പറഞ്ഞത്. ചില ഡോക്യുമെന്റ്‌സ് മാത്രമാണ് അതിലുള്ളതെന്ന് പറഞ്ഞതിനാല്‍ പരിശോധിച്ചില്ലെന്നും ജിഷ്ണു പറഞ്ഞു.

മോന്‍സന്റെ വീട്ടില്‍ നിന്ന് ഒളിക്യാമറകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിലൂടെ ശേഖരിച്ച ദൃശ്യങ്ങളാണോ പെന്‍ഡ്രൈവില്‍ ഉണ്ടായിരുന്നതെന്ന് ക്രൈം ബ്രാഞ്ചിന് സംശയമുണ്ട്. 2016 മുതല്‍ മോന്‍സന്റെ ജീവനക്കാരനായ ജിഷ്ണു ആദ്യം അക്കൗണ്ടന്റായും പിന്നീട് മാനേജരായും പ്രവര്‍ത്തിച്ചിരുന്നു.