60 വയസ് കഴിഞ്ഞവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ്; ഹൈ റിസ്‌കാണെന്ന് തെളിയിക്കാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട

 | 
Booster dose

60 വയസ് കഴിഞ്ഞവര്‍ക്ക് നല്‍കുന്ന കോവിഡ് വാക്‌സിന്‍ മൂന്നാം ഡോസിനായി അനുബന്ധ രോഗങ്ങളുണ്ടെന്ന് തെളിയിക്കാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് നിര്‍ദേശം. ജനുവരി 10 മുതലാണ് മുന്‍കരുതല്‍ നടപടിയായി 60 പിന്നിട്ടവര്‍ക്ക് മൂന്നാം ഡോസ് നല്‍കാന്‍ തീരുമാനിച്ചത്. ഹൈ റിസ്‌ക് കാറ്റഗറിയിലാണെന്ന് തെളിയിക്കാന്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റോ കുറിപ്പോ ആവശ്യമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ മൂന്നാം ഡോസ് സ്വീകരിക്കുന്നതിന് മുന്‍പായി ഡോക്ടര്‍മാരെ കാണുന്നത് ഉചിതമായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. മറ്റു രോഗങ്ങളുള്ള മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍ എന്നിവര്‍ക്കും 60 വയസ് പിന്നിട്ടവര്‍ക്കൊപ്പം ബൂസ്റ്റര്‍ ഡോസ് ലഭിക്കും. ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തിലാണ് മൂന്നാം ഡോസ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

15-18 പ്രായപരിധിയിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ വിതരണം ജനുവരി 3 മുതല്‍ ആരംഭിക്കുകയാണ്. കോവിന്‍ പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്‌തോ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയോ വാക്‌സിന്‍ സ്വീകരിക്കാം.