ഇ.ഡി അസി.ഡയറക്ടർക്കെതിരായ കൈക്കൂലി കേസ്: പരാതികളുമായി കൂടുതൽ പേർ

ഇ.ഡിയുടെ കൊച്ചി ഓഫിസിലെ അസി.ഡയറക്ടർ ശേഖർ കുമാർ ഒന്നാം പ്രതിയാണെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.
 | 
ED

കൊച്ചി ∙ കശുവണ്ടി വ്യവസായിയിൽനിന്നു കൈക്കൂലി വാങ്ങി കേസ് ഒതുക്കിത്തീർക്കുന്നു എന്ന് ഇ.ഡിക്കെതിരെ ഉയർന്ന ആരോപണത്തിനു പിന്നാലെ കൂടുതൽ പരാതികൾ. മൂന്നിലേറെ പരാതികൾ കൂടി ഇത്തരത്തിൽ ലഭിച്ചിട്ടുണ്ടെന്നും ഇവയുടെ നിജസ്ഥിതി പരിശോധിച്ചു വരികയാണെന്നുമാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്ന സൂചന. അതിനിടെ, ഇ.ഡി കൊച്ചി യൂണിറ്റിലെ അസി. ഡയറക്ടറെ കൈക്കൂലി കേസിൽ ഒന്നാം പ്രതിയാക്കിയതോടെ ഇ.ഡിയും വിജിലൻസും അങ്ങേയറ്റം സൂക്ഷ്മതയോടെയാണ് മുന്നോട്ടു നീങ്ങുന്നത്. വിജിലൻസിൽനിന്ന് ഇ.ഡി, കേസ് സംബന്ധമായ വിവരങ്ങൾ തേടിയിട്ടുണ്ടെന്നാണ് അറിവ്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാവും ആഭ്യന്തര അന്വേഷണവും മറ്റും. വിഷയത്തിനു രാഷ്ട്രീയമാനം കൂടി കൈവന്നതോടെ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് വിജിലൻസ്. 

കേസിൽ നിലവിൽ 3 പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇ.ഡിയുടെ കൊച്ചി ഓഫിസിലെ അസി.ഡയറക്ടർ ശേഖർ കുമാർ ഒന്നാം പ്രതിയാണെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. അറസ്റ്റിലായവരുടെ മൊഴികളല്ലാതെ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാകും അടുത്ത നടപടിയിലേക്കു കടക്കുക എന്ന് വിജിലൻസ് വൃത്തങ്ങൾ പറയുന്നു. വിജിലൻസിന്റെ നീക്കങ്ങൾ ഇ.ഡിയും ശ്രദ്ധാപൂർവം വീക്ഷിക്കുന്നു. കാരണം, ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കൊടകര കള്ളപ്പണ കേസ് അടക്കം അന്വേഷിച്ച യൂണിറ്റിലെ അസി.ഡയറക്ടറാണ് ശേഖർ കുമാർ. അതുകൊണ്ടു തന്നെ തെളിവുകൾ കേസിൽ മുഖ്യമാണെന്ന് വിജിലൻസും ഒപ്പം ഇ.ഡിയും കരുതുന്നു. പഴുതടച്ചുള്ള അന്വേഷണമാണ് തങ്ങളുടെ ഭാഗത്തു നിന്നും നടക്കുന്നതെന്ന് വിജിലൻസ് വൃത്തങ്ങൾ വ്യക്തമാക്കി. അറസ്റ്റിലായവർ അന്വേഷണത്തോടു സഹകരിക്കുന്നുണ്ടെന്ന് വിജിലൻസ് മധ്യമേഖല എസ്പി എസ്.ശശിധരൻ വ്യക്തമാക്കി. െമാഴികളെടുത്തു വരികയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള പരാതിക്കു പുറമെ വിജിലൻസിനു മുമ്പാകെ ഫോൺ മുഖേനെയും മറ്റും കൂടുതൽ പരാതികൾ എത്തിയിട്ടുണ്ടെന്നും സ്ഥിരീകരിച്ച അദ്ദേഹം, ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ചു വരികയാണെന്നും വ്യക്തമാക്കി.