കൈക്കൂലി വിവാദം; അഖിൽ മാത്യുവിനെ വീണാ ജോർജ് സംരക്ഷിക്കുകയാണെന്ന് കെ സുരേന്ദ്രൻ

 | 
VEENAAA

കൈക്കൂലി കേസിൽ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിനെ ആരോഗ്യമന്ത്രി വീണാ ജോർജ് സംരക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പരാതിക്കാരൻ്റെ പേരിൽ കേസെടുത്ത് പ്രതിയെ രക്ഷിക്കാനുള്ള ഇടപെടലാണ് മന്ത്രി നടത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ജോലി വാഗ്ദാനം നൽകി പണം തട്ടിയ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിനെതിരെ പരാതിക്കാരൻ ഒരു മാസം മുമ്പ് തന്നെ ഓൺലൈനായും മന്ത്രിക്ക് നേരിട്ടും പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. സംഭവം പുറത്തറിഞ്ഞപ്പോൾ താൻ അഖിലിനോട് സംസാരിച്ചിരുന്നെന്നും അയാൾ തെറ്റുകാരൻ അല്ലെന്നുമാണ് വീണാ ജോർജ് പറയുന്നത്. മന്ത്രിയുടെ വാദം ബാലിശമാണ്. ഇത്തരമൊരു പരാതി ലഭിച്ചാൽ അത് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരേണ്ട ഉത്തരവാദിത്വമുള്ളയാളാണ് മന്ത്രി. എന്നാൽ മന്ത്രി വസ്തുതകൾ അന്വേഷിക്കാതെ തൻ്റെ സ്റ്റാഫിനെ പിന്തുണയ്ക്കുകയാണ്. തൻ്റെ സ്റ്റാഫിനെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന തരത്തിലാണ് മന്ത്രിയുടെ പ്രതികരണം എന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സ്റ്റാഫിൻ്റെ പരാതി പൊലീസ് അന്വേഷിക്കുമെന്നും അവർ പറയുന്നു. വാദിയെ അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്താനാണ് മന്ത്രി ശ്രമിക്കുന്നത്. മന്ത്രിയുടെ അറിവോടെയാണോ തട്ടിപ്പ് നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിൽ അടിമുടി അഴിമതിയും തട്ടിപ്പും കൈക്കൂലി വാങ്ങലുമാണ് നടക്കുന്നത്. സിപിഐക്ക് പോലും ഈ കാര്യങ്ങൾ സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.