ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ കാരുണ്യ പ്രവര്‍ത്തനം രാജ്യത്തിന് മാതൃക: വികലാംഗക്ഷേമ കോര്പ്പറേഷന് ചെയര്മാന് പരശുവെയ്ക്കല്‍ മോഹനന്

തൃശൂര്‍: ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ കാരുണ്യ പ്രവര്‍ത്തനം രാജ്യത്തിന് മാതൃകയാണെന്ന് കേരള വികലാംഗ ക്ഷേമ കോര്പ്പറേഷന് ചെയര്മാന് അഡ്വ. പരശുവെയ്ക്കല്‍ മോഹനന്. കേരള സാഹിത്യ അക്കാഡമി ഹാളില്‍ നടന്ന ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ തിളക്കം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഴ്ച്ചപരിമിതര്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് തിളക്കം. രാജ്യത്തിന്റെ സമ്പദ് ഘടനയില്‍ നിന്നുകൊണ്ട് ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് പരിമിതികളുണ്ട്. ഈ സാഹചര്യത്തിലാണ് ജോയ് ആലുക്കാസിന്റെ കാരുണ്യപ്രവര്‍ത്തനം ശ്രദ്ധേയമാകുന്നത്. സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യ ഹൃദയത്തിലാണ് തിളക്കമുണ്ടാകേണ്ടതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസ് അഭിപ്രായപ്പെട്ടു.ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. പ്രവാസികള്‍ക്ക് ഇടയില്‍ കഷ്ടതയുഭവിക്കുന്ന നിരവധിപേരുണ്ട്. ഇവരെ കണ്ടുമുട്ടിയതാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ രൂപീകരണത്തിന് കാരണമായതെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് സൗജന്യ സ്മാര്‍ട്ട് ഫോണ്‍ വിതരണ ഉദ്ഘാടനം ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ സോണിയ ആലുക്കാസ് നിര്‍വ്വഹിച്ചു. ആദ്യ ഫോണ്‍ ഷിഫ്ന മോള് ഏറ്റുവാങ്ങി. തുടര്‍ന്ന് 65 പേര്‍ക്ക് ഫോണ്‍ വിതരണം ചെയ്തു.

സംഗീത സംവിധായകന് അല്‍ഫോന്‍സ് ജോസഫ്, വികലാംഗ ക്ഷേമ കോര്പ്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഗിരീഷ് കീര്‍ത്തി,വികലാംഗ കോര്പ്പറേഷന് തൃശൂര്‍ ജില്ലാ സെക്രട്ടറി മണികണ്ഠന്,ജോയ് ആലുക്കാസ് ഫൗണ്ടേഷന് ചീഫ് കോര്‍ഡിനേറ്റര്‍ പി.പി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കാഴ്ച്ച പരിമിതര്‍ക്കായി തിളക്കം പദ്ധതി നടത്തിവരുന്നു. ഇതിനോടകം കോട്ടയത്തും തൃശൂരും എറണാകുളത്തുമായി 300 പേര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തിട്ടുണ്ട്.