അനില്‍ അംബാനി റിലയന്‍സ് കമ്യൂണിക്കേഷന്‍സില്‍ നിന്ന് രാജിവെച്ചു

മുംബൈ: കടത്തില്‍ മുങ്ങിയ റിലയന്‍സ് കമ്യൂണിക്കേഷന്‍സില്‍ നിന്ന് അനില്‍ അംബാനി രാജിവെച്ചു. അനില്‍ അംബാനിയും മറ്റ് നാല് പേരുമാണ് കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചത്. ഛായ വിരാനി, റൈന കാരാനി, മഞ്ജരി കാക്കര്‍, സുരേഷ് രംഗാചാര്‍ എന്നിവരാണ് രാജിവെച്ച മറ്റ് ഡയറക്ടര്‍മാര്‍. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ഡയറക്ടറുമായ മണികണ്ഠന് വി. നേരത്തേ രാജി സമര്‍പ്പിച്ചിരുന്നുവെന്ന് കമ്പനി അറിയിച്ചു.
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 30.142 കോടി രൂപയുടെ സഞ്ചിതനഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. ഈ കണക്കുകള്‍ വെള്ളിയാഴ്ചയാണ് പുറത്ത് വന്നത്. തൊട്ടുപിന്നാലെയാണ് അനില്‍ അംബാനിയുടെ രാജി. ജൂണ്‍ 28 മുതല്‍ കമ്പനി ബാധ്യതാ നിവാരണത്തിനായുള്ള പ്രവര്‍ത്തനത്തിലാണ്.
ടെലികോം സേവനങ്ങള്‍ നേരത്തേ തന്നെ കമ്പനി നിര്‍ത്തിയിരുന്നു. നിലവില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ കമ്പനി ലോ ട്രൈബ്യൂണല്‍ നിയോഗിച്ച റെസൊല്യൂഷന്‍ പ്രൊഫഷണല്‍ ആണ് നിയന്ത്രിക്കുന്നത്. അംബാനിയുടെയും മറ്റുള്ളവരുടെയും രാജി ക്രെഡിറ്റര്‍മാരുടെ അംഗീകാരത്തിന് വിധേയമായി മാത്രമേ സ്വീകരിക്കുകയുള്ളു.