ഓറിയന്റല്‍ ബാങ്കിലും തട്ടിപ്പ്; 390 കോടി രൂപ വായ്പയെടുത്ത ശേഷം ജ്വല്ലറിയുടകള്‍ മുങ്ങിയെന്ന പരാതിയില് സിബിഐ കേസെടുത്തു
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല് ബാങ്ക് തട്ടിപ്പിന്റെ മാതൃകയില് ഓറിയന്റല് ബാങ്ക് ഓഫ് കൊമേഴ്സിലും തട്ടിപ്പ്. ബാങ്കില് നിന്നും 390 കോടി രൂപ വായ്പയെടുത്ത ശേഷം ജ്വല്ലറിയുടമകള് മുങ്ങിയെന്ന പരാതിയില് സിബിഐ കേസെടുത്തു. ഡല്ഹിയിലെ ദ്വാരകദാസ് സേഥ് ഇന്റര്നാഷണല് ജ്വല്ലറിക്കെതിരെയാണ് കേസ്. ബാങ്കില് നിന്ന് വാങ്ങിയ ലെറ്റര് ഓഫ് ക്രെഡിറ്റുകള് ഉപയോഗിച്ച് 2007ലും 2012ലും തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
കഴിഞ്ഞ ഓഗസ്റ്റിലാണ് ബാങ്ക് പരാതി നല്‍കിയത്. എന്നാല്‍ പിഎന്‍ബി തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ഇപ്പോളാണ് സിബിഐ കേസെടുത്തത്. ജ്യുവലറി ഡയറക്ടര്‍മാരായ സഭ്യാ സേഥ്, റീത സേഥ്, കൃഷ്ണകുമാര്‍ സിംഗ്, രവി സിംഗ് എന്നിവര്‍ക്കെതിരെയാണ് കേസ്. ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അശോക് കുമാര്‍ മിശ്രയാണ് പരാതി നല്‍കിയത്.
ബാങ്കിന്റെ ഗ്രേറ്റര്‍ കൈലാഷ് -2 ബ്രാഞ്ചിലാണ് തട്ടിപ്പ് നടന്നത്. 389.95 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. പ്രതികളായവരെക്കുറിച്ച് കഴിഞ്ഞ പത്ത് മാസമായി യാതൊരു വിവരവുമില്ലെന്നും ഇവര്‍ രാജ്യം വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പരാതിയില്‍ ബാങ്ക് പറയുന്നത്.