സ്വര്‍ണ്ണപ്പണയത്തിന്‍മേലുള്ള കാര്‍ഷിക വായ്പ നിര്‍ത്തലാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രം

സ്വര്ണ്ണപ്പണയത്തില് നല്കുന്ന കുറഞ്ഞ നിരക്കിലുള്ള കാര്ഷിക വായ്പകള് നിര്ത്തലാക്കാന് കേന്ദ്ര നിര്ദേശം.
 | 
സ്വര്‍ണ്ണപ്പണയത്തിന്‍മേലുള്ള കാര്‍ഷിക വായ്പ നിര്‍ത്തലാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രം

തിരുവനന്തപുരം: സ്വര്‍ണ്ണപ്പണയത്തില്‍ നല്‍കുന്ന കുറഞ്ഞ നിരക്കിലുള്ള കാര്‍ഷിക വായ്പകള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്ര നിര്‍ദേശം. 2019 ഒക്ടോബര്‍ മുതല്‍ ഇത്തരം വായ്പകള്‍ നല്‍കേണ്ടെന്നാണ് ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജൂലൈ 31ന് പൊതുമേഖലാ ബാങ്ക് മേധാവികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്ര കൃഷിമന്ത്രാലയമാണ് ഈ തീരുമാനം അറിയിച്ചത്.

സബ്‌സിഡിയോടെയുള്ള കാര്‍ഷിക വായ്പ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ നല്‍കാവൂ, എല്ലാ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം, ആധാറില്ലാത്തവര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ സബ്സിഡി നല്‍കില്ല, ഇതുവരെ വായ്പ ലഭിക്കാത്ത എല്ലാ കെസിസി അംഗങ്ങള്‍ക്കും വായ്പ നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളും കേന്ദ്രം നല്‍കിയിട്ടുണ്ട്.

4 ശതമാനം വരെ പലിശനിരക്കില്‍ മൂന്ന് ലക്ഷം രൂപ വരെയായിരുന്നു സ്വര്‍ണ്ണപ്പണയത്തിന്‍മേല്‍ കാര്‍ഷിക വായ്പയായി ലഭിച്ചിരുന്നത്. ഈ വായ്പ അനര്‍ഹര്‍ക്ക് ലഭിക്കുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും കേന്ദ്ര കൃഷിമന്ത്രിക്കും കത്തെഴുതിയിരുന്നു.

ഇത്തരം വായ്പകള്‍ ജൂലൈ 31 വരെ എടുത്തവരെ എന്ത് ചെയ്യണമെന്നും വായ്പ നിര്‍ത്തലാക്കല്‍ എങ്ങനെ നടപ്പാക്കണമെന്നുമുള്ള കാര്യങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ അറിയിക്കാനാണ് ബാങ്കുകള്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ബാങ്കുകള്‍ ശാഖകള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിരിക്കുകയാണ്.